Cinema Entertainment Homepage Featured

മമ്മൂട്ടിയും ‘മാര്‍ക്കോ’ നിര്‍മാതാക്കളും ഒന്നിക്കുമ്പോള്‍; വരുന്നത് ‘ദേശി എസ്‌കോബാര്‍’ ?

‘മാര്‍ക്കോ’യിലൂടെ ശ്രദ്ധിക്കപ്പെട്ട ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ഒരു അഡാറ് ഐറ്റത്തില്‍ കുറഞ്ഞതൊന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്നതായി നിര്‍മാണ കമ്പനി ഉടമ ഷെരീഫ് മുഹമ്മദ് സ്ഥിരീകരിക്കുമ്പോഴും ആരാണ് സംവിധായകനെന്ന് മാത്രം ഇതുവരെ പുറത്തുവന്നിട്ടില്ല.

‘മാര്‍ക്കോ’ സംവിധായകന്‍ ഹനീഫ് അദേനിയായിരിക്കും മമ്മൂട്ടി ചിത്രം ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറിച്ച് അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയും ക്യൂബ്‌സും ഒന്നിക്കുന്നതെന്ന ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്തായാലും അബ്രഹാമിന്റെ സന്തതികള്‍ ഒരുക്കിയ ഷാജി പാടൂര്‍ അല്ല മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനെന്ന് ക്യൂബ്‌സ് തന്നെ വ്യക്തമാക്കി.

കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ പാബ്ലോ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മമ്മൂട്ടി-ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൊജക്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ധനാഢ്യനായ ലഹരി മാഫിയ തലവന്‍ ആണ് പാബ്ലോ എസ്‌കോബാര്‍. ഇയാളുടെ ജീവിതത്തെ ആയിരിക്കും മമ്മൂട്ടി അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളെ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് തള്ളിയിട്ടുമില്ല.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടിയും ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുക. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഈ ചിത്രം ഒരുക്കുമെന്നാണ് വിവരം. കെ.ജി.എഫ് സംഗീത സംവിധായകന്‍ രവി ബസ്‌റുര്‍ അല്ലെങ്കില്‍ കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥ് ക്യൂബ്‌സ് – മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായേക്കും.

Related Posts