Cinema Entertainment Homepage Featured

താടി വടിക്കരുതെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമ്മതിച്ചു, ആ കഥാപാത്രത്തെ കുറിച്ച് രഹസ്യമായി വെച്ചു: സിബി മലയില്‍

യറാം, സുരേഷ് ഗോപി, മഞ്ജു വാരിയര്‍, കലാഭവന്‍ മണി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. 1998 ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അതിഥി വേഷവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി.

മഞ്ജു വാര്യർ ചെയ്ത അഭിരാമി എന്ന കഥാപാത്രത്തിന്റെ കാമുകന്‍ ആയാണ് മോഹന്‍ലാല്‍ സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ അഭിനയിച്ചിരിക്കുന്നത്. നിരഞ്ജന്‍ എന്ന ഈ കഥാപാത്രത്തിനു പില്‍ക്കാലത്ത് വലിയ പ്രശംസ ലഭിക്കുകയും ചെയ്തു. ഈ കഥാപാത്രത്തിലേക്ക് മോഹന്‍ലാലിനെ കൊണ്ടുവന്നത് എങ്ങനെയാണ് സംവിധായകന്‍ സിബി മലയില്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഭിരാമി എന്ന കഥാപാത്രത്തിന്റെ കാമുകന്‍ ആയി ആരെ വേണം എന്ന ചര്‍ച്ചകളില്‍ കമല്‍ഹാസന്‍, രജനിരകാന്ത് എന്നിവരുടെ പേരുകള്‍ പോലും അന്ന് മുന്നോട്ടുവെച്ചിരുന്നു. പിന്നീട് താനാണ് തിരക്കഥാകൃത്ത് രഞ്ജിത്തിനോടു ‘എന്തുകൊണ്ട് മോഹന്‍ലാലിനെ ആലോചിച്ചു കൂടാ’ എന്നൊരു നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് സിബി മലയില്‍ പറയുന്നു.

‘ ആ സമയത്ത് ലാല്‍ ഒരു പ്രകൃതി ചികിത്സയുടെ ഭാഗമായി ബാംഗ്ലൂരില്‍ ആയിരുന്നു. എന്തായാലും നിര്‍മ്മാതാവിന്റെ നിര്‍ദേശപ്രകാരം ഞാനും രഞ്ജിത്തും കൂടി ലാലിനോട് പോയി കഥ പറഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടമായി. ലാലിന് ആ സമയത്ത് താടി ഉണ്ടായിരുന്നു. അത് വടിക്കാതെ നമുക്ക് ഇത് ചെയ്യാം എന്ന നിര്‍ദേശവും ലാല്‍ അംഗീകരിച്ചു,’ സിബി മലയില്‍ വെളിപ്പെടുത്തി.

മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടെന്ന ഒരു സൂചന പോലും അന്ന് പുറത്തുവിട്ടിട്ടില്ല. ആര്‍ക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് അറിഞ്ഞിരുന്നുമില്ല. ആര്‍ക്കും ഇല്ലായിരുന്നു. പക്ഷെ ലാലിനെ കണ്ടതോടെ തിയേറ്റര്‍ ഇളകിമറിഞ്ഞു. അതോടെ ചിത്രത്തിന്റെ ആവേശവും കൂടിയെന്ന് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ ഒരു സീനില്‍ മാത്രമാണ് മോഹന്‍ലാലിന്റെ നിരഞ്ജന്‍ എന്ന കഥാപാത്രത്തെ കാണിക്കുന്നത്. സിനിമ റിലീസ് ചെയ്യും മുന്‍പ് മോഹന്‍ലാലിന്റെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് ആദ്യ പ്രദര്‍ശനം കഴിഞ്ഞാണ് മോഹന്‍ലാലിനെ കൂടി ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ പുറത്തുവിടുന്നത്.

Related Posts