ബ്ലാക്ക്, പ്രാഞ്ചിയേട്ടന്, പാലേരിമാണിക്യം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചതാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായേക്കുമെന്നാണ് വിവരം. രഞ്ജിത്തും മമ്മൂട്ടിയും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
എം.ടി.വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കിയുള്ള ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ രഞ്ജിത്താണ് സംവിധാനം ചെയ്തത്. അതില്‍ മമ്മൂട്ടിയായിരുന്നു നായകന്. 2018 ലാണ് രഞ്ജിത്ത് അവസാനമായി ഒരു ഫീച്ചര്‍ ഫിലിം ഡയറക്ട് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ഡ്രാമ’ ആയിരുന്നു അവസാന ചിത്രം. ഈ സിനിമ തിയറ്ററുകളില്‍ വലിയ പരാജയമാകുകയും പിന്നീട് സംവിധാന രംഗത്തുനിന്ന് രഞ്ജിത്ത് ഇടവേളയെടുക്കുകയുമായിരുന്നു.
2017 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുത്തന്‍പണം രഞ്ജിത്താണ് സംവിധാനം ചെയ്തത്. ഈ സിനിമയും തിയറ്ററില്‍ വിജയമായില്ല. എങ്കിലും പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായ് എന്ന മമ്മൂട്ടി കഥാപാത്രത്തിനു ഇപ്പോഴും വലിയ ആരാധകരുണ്ട്. സമാനമായ രീതിയില്‍ വളരെ വ്യത്യസ്തമായ ഒരു മമ്മൂട്ടി കഥാപാത്രത്തെ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മമ്മൂട്ടി-രഞ്ജിത്ത് പ്രൊജക്ട് മമ്മൂട്ടി കമ്പനിയായിരിക്കും നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പാട്രിയോട്ടില്‍ ആണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം നവാഗതനായ അദ്വൈത് നായര്‍ ഒരുക്കുന്ന ‘ചത്താ പച്ച’യില്‍ കാമിയോ വേഷം ചെയ്യും. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലും മമ്മൂട്ടി നായകനാകും. അതിനുശേഷമായിരിക്കും രഞ്ജിത്ത് പ്രൊജക്ടിലേക്ക് കടക്കുകയെന്നാണ് വിവരം.
















