Cinema Entertainment Homepage Featured

ദുല്‍ഖറിന്റെ തന്ത്രം ക്ലിക്കായി; ലോകഃ ഒടിടിയിലേക്ക് എത്തുമ്പോള്‍

ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര ഒടിടിയിലെത്തുകയാണ്. ഒക്ടോബര്‍ 31 മുതലാണ് ലോകഃ ഒടിടിയില്‍ ലഭ്യമാകുക. ജിയോ ഹോട്ട്‌സ്റ്റാറിനാണ് ലോകഃയുടെ ഒടിടി സംപ്രേഷണാവകാശം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളില്‍ ഒടിടിയില്‍ കാണാം.

നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്റെ കച്ചവടതന്ത്രം നൂറ് ശതമാനം വിജയംകണ്ടു എന്നുവേണം ലോകഃയുടെ ഒടിടി റിലീസില്‍ നിന്ന് മനസിലാക്കാന്‍. തിയറ്റര്‍ റിലീസിനു ശേഷം 65 ദിവസത്തെ ഒടിടി വിന്‍ഡോയാണ് ലോകഃയ്ക്കു ലഭിക്കുന്നത്. അതായത് തിയറ്ററിലെത്തി 65 ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് ഒടിടി റിലീസ്.

തിയറ്ററുകളില്‍ നിന്ന് പരമാവധി കളക്ഷന്‍ സ്വന്തമാക്കാന്‍ വേണ്ടിയാണ് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് ഒടിടി റിലീസ് വൈകിച്ചത്. തിയറ്ററില്‍ റിലീസു ചെയ്ത ആദ്യ വാരത്തെ പ്രതികരണം കണ്ടപ്പോള്‍ തന്നെ ഒടിടി റിലീസ് ഉടന്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് നിര്‍മാണ കമ്പനി എത്തിയിരുന്നു. ഒടിടി കച്ചവടം പൂര്‍ത്തിയായിട്ടും റിലീസ് വൈകിപ്പിക്കാന്‍ നിര്‍മാണ കമ്പനി തീരുമാനിച്ചത് ഇക്കാരണത്താലാണ്. അതുകൊണ്ടാണ് തിയറ്റര്‍ റിലീസില്‍ തന്നെ മലയാളത്തിനു പുറത്തും ലോകഃയ്ക്കു വലിയ സ്വീകാര്യത ലഭിച്ചത്. ഓവര്‍സീസ് മാര്‍ക്കറ്റിലും ഒടിടി റിലീസ് വൈകിപ്പിച്ചതുകൊണ്ട് ലോകഃയ്ക്കു ഗുണമുണ്ടായി.

മലയാളത്തില്‍ ഏറ്റവും ദീര്‍ഘമേറിയ ഒടിടി വിന്‍ഡോ ലഭിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണ് ലോകഃ. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സിനു 73 ദിവസം ലഭിച്ചിരുന്നു. ലോകഃ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. പരമാവധി തിയറ്റര്‍ കളക്ഷന്‍ സ്വന്തമാക്കുകയെന്ന തന്ത്രമാണ് ദുല്‍ഖര്‍ ലോകഃയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് പയറ്റിയത്.

വേള്‍ഡ് വൈഡ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമ, കേരളത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമ എന്നീ നേട്ടങ്ങളെല്ലാം ലോകഃയ്ക്കു സ്വന്തമാക്കാന്‍ സാധിച്ചത് ഒടിടി റിലീസ് വൈകിയതുകൊണ്ട് കൂടിയാണ്.

Related Posts