Mammootty: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നവംബര്‍ ഒന്നിനു പ്രഖ്യാപിക്കും. നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയര്‍മാനായ അവാര്‍ഡ് നിര്‍ണയ സമിതി സിനിമകളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കുകയാണ്. 128 സിനിമകളാണ് അവാര്‍ഡിനായിസമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
മികച്ച നടനുള്ള കാറ്റഗറിയില്‍ വാശിയേറിയ മത്സരത്തിനു സാധ്യതയുണ്ട്. ആറ് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മമ്മൂട്ടി ഇത്തവണയും മറ്റു മത്സരാര്‍ഥികള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നു. 2022 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി കരസ്ഥമാക്കിയിരുന്നു. 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടി അവസാന റൗണ്ട് വരെ ഉണ്ടായിരുന്നു.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ ആണ് മമ്മൂട്ടിയെ മികച്ച നടനുള്ള കാറ്റഗറിയില്‍ മുന്‍പിലെത്തിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നെഗറ്റീവ് ഷെയ്ഡുള്ള ‘കൊടുമണ്‍ പോറ്റി’ എന്ന കഥാപാത്രത്തെ മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. തൊട്ടുമുന്‍പത്തെ വര്‍ഷം പുരസ്‌കാരം നേടി എന്നതുകൊണ്ട് മാത്രം മമ്മൂട്ടിയെ ഇത്തവണ തഴയാന്‍ സാധിക്കില്ലെന്നാണ് ജൂറിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളിലും മമ്മൂട്ടി തന്നെയാണ് മികച്ച നടനാകാന്‍ യോഗ്യന്‍ എന്ന തരത്തില്‍ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും നടക്കുന്നുണ്ട്.
അതേസമയം മമ്മൂട്ടിക്കു പുറമേ മികച്ച നടനുള്ള കാറ്റഗറിയില്‍ അവസാന റൗണ്ടിലേക്ക് എത്താന്‍ സാധ്യതയുള്ളത് ആസിഫ് അലിയും വിജയരാഘവനുമാണ്. തലവന്‍, കിഷ്‌കിന്ധാ കാണ്ഡം, ലെവല്‍ ക്രോസ് എന്നീ ചിത്രങ്ങളാണ് ആസിഫ് അലിയുടെ സാധ്യതകള്‍ ശക്തമാക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെയാണ് വിജയരാഘവന്‍ മത്സരരംഗത്ത് എത്തിയത്.
മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ഇത്തവണ ലഭിക്കുകയാണെങ്കില്‍ ഈ നേട്ടം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കുന്ന നടനായി മമ്മൂട്ടി മാറും. മോഹന്‍ലാലിനും മമ്മൂട്ടിക്കും ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
















