റെസ്ലിങ് പ്രമേയമാക്കി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. റെസ്ലിങ് കോച്ചായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. രണ്ടാം പകുതിയില്‍ വളരെ നിര്‍ണായകമായ രംഗങ്ങളിലായിരിക്കും മമ്മൂട്ടിയെ കാണാന്‍ സാധിക്കുകയെന്നാണ് വിവരം.
റെസ്ലിങ് ആക്ഷന്‍ കോമഡി ഴോണറിലാണ് ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ ഒരുക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം വളരെ രസകരമായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ വെച്ചായിരിക്കും മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. പാട്രിയോട്ടിന്റെ കൊച്ചി ഷെഡ്യൂളിനു ശേഷമായിരിക്കും മമ്മൂട്ടി ചത്താ പച്ചയില്‍ ജോയിന്‍ ചെയ്യുകയെന്നും വിവരമുണ്ട്.
WWE റെസ്ലിങ്ങില്‍ പ്രചോദിതരായ നാട്ടിന്‍പുറത്തെ ഏതാനും യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് ‘ചത്താ പച്ച’ നിര്‍മിക്കുന്നത്.
അതേസമയം നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ ആണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. നവംബര്‍ അവസാനത്തോടെയായിരിക്കും കളങ്കാവല്‍ റിലീസ്.
















