മോഹന്‍ലാലിനെ പലതവണ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീനിവാസന്. എന്നാല്‍ ഇരുവരും ഒരുസമയത്ത് അടുത്ത സുഹൃത്തുക്കളുമായിരുന്നു. താന്‍ പറഞ്ഞ കുത്തുവാക്കുകള്‍ക്ക് ഈയടുത്ത് ശ്രീനിവാസന് മാഹന്ലാലിനോടു നേരിട്ട് ക്ഷമാപണം നടത്തിയെന്ന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന് വെളിപ്പെടുത്തി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് വിദേശത്തു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
‘ മോഹന്‍ലാല്‍ എന്ന നടനെ പോലെയോ അഭിനേതാവിനെ പോലെയോ നമുക്ക് ഒരിക്കലും ആകാന്‍ സാധിക്കില്ല. പക്ഷേ ഒന്ന് ശ്രമിച്ചാല്‍ മോഹന്‍ലാലിനെ പോലൊരു മനുഷ്യനാകാന്‍ നമുക്കൊക്കെ സാധിച്ചേക്കാമെന്നൊരു ചിന്ത എനിക്ക് വന്നു,’ ധ്യാന്‍ പറഞ്ഞു.
‘ അച്ഛന് മോഹന്‍ലാലിനെ വിമര്‍ശിച്ച്, കുത്തുവാക്കുകളൊക്കെ പറഞ്ഞപ്പോഴും ഞാന്‍ അതിനെ എതിര്‍ത്തുകൊണ്ട് വേറൊരു ഇന്റര്‍വ്യുവില്‍ അച്ഛനെ കൗണ്ടര്‍ ചെയ്തുകൊണ്ട് ഒരു മറുപടി കൊടുത്തു. ഇതിനൊന്നും, എത്രയെത്ര കുത്തുവാക്കുകള്‍ പറഞ്ഞിട്ടും അദ്ദേഹം (മോഹന്‍ലാല്‍) ഒരു മറുപടിയും നല്‍കിയിട്ടില്ല. ഇത്തരം നെഗറ്റീവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാന്‍ അദ്ദേഹത്തിന് കഴിയും,’ ധ്യാന്‍ പറഞ്ഞു.
‘ഹൃദയപൂര്‍വ’ത്തിന്റെ സെറ്റില്‍ വെച്ച് അച്ഛന് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞതില്‍ ലാലിന് എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ എന്നോടു ക്ഷമിക്കണം എന്ന് പറഞ്ഞു. അപ്പോള്‍ ഒരു ചിരിയോടെ ‘ശ്രീനി അതൊക്കെ വിടെടോ’ എന്ന് പറയാനുള്ള മനസ് ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ല,’
എന്നെങ്കിലുമൊരിക്കല്‍ അച്ഛനെയും മോഹന്‍ലാലിനെയും ഒരുമിച്ച് തന്റെ സിനിമയില്‍ അഭിനയിപ്പിക്കണം എന്നതാണ് വലിയ ആഗ്രഹമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
















