Cinema Entertainment Homepage Featured

ലാലേട്ടാ, ഞാൻ ഷറഫുദ്ദീനാണേ.. ആക്ടർ ഷറഫുദ്ദീൻ; രാവണപ്രഭുവിന്റെ റിലീസ് തീയതി മാറ്റാൻ ആവശ്യവുമായി മോഹൻലാലിന് ഫോൺ കോൾ

കൊച്ചി: നടൻ ഷറഫുദ്ദീൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിനെ ഫോണിൽ വിളിച്ച് ഷറഫുദ്ദീൻ ലാലേട്ടനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആന്റണി പെരുമ്പാവൂർ ലാലേട്ടന് ഫോൺ കൈമാറുന്നു. പെറ്റ് ഡിറ്റക്ടീവ് എന്ന പുതിയ ചിത്രമുണ്ടെന്നും വളരെ കഷ്ടപ്പെട്ട് തന്റെ കയ്യിലുള്ള പണമെല്ലാം ഇട്ടിട്ടാണ് പടം ചെയ്യുന്നതെന്നും പറയുന്നു. കൊള്ളാലോ നല്ല പേരാണല്ലോ എന്ന് അഭിനന്ദിച്ച ലാലേട്ടൻ ആന്റണിയും താനുമൊക്കെ അങ്ങനെ തന്നെയല്ലേ സിനിമ ചെയ്യുന്നതെന്ന് ചോദിക്കുന്നു.

വിക്കി വിക്കി എന്തൊക്കെയോ പറയുകയും ഉരുണ്ടു കളിക്കുകയും ചെയ്യുന്ന ഷറഫുദ്ദീനോട് കാര്യമെന്താണെന്ന് മോഹൻലാൽ ചോദിക്കുന്നു. 10-ാം തീയതിയാണ് തന്റെ സിനിമ റിലീസെന്നും അതേ ദിവസം തന്നെയാണ് രാവണപ്രഭു റിലീസെന്നും അദ്ദേഹത്തോട് ഷറഫുദ്ദീൻ ഉത്തരം നൽകുന്നു. അതെ, ‘4കെ’യിലാണ് റിലീസാവുന്നതെന്ന് കൂട്ടിച്ചേർത്ത് ലാലേട്ടൻ അത് സമ്മതിക്കുന്നു.

തുടർന്ന് “മോനെന്താന്ന് വെച്ചാ പറഞ്ഞോളൂ ഇങ്ങനെ ഡിലേ ആക്കുന്നതെന്തിനാണ്”- എന്ന് ചോദിച്ച മോഹൻലാലിനോട്,
“ഒരു ലാലേട്ടനെപ്പോലും എനിക്ക് ഇത് ചെയ്യാൻ കഴിയില്ല അപ്പോഴാണ് രണ്ട് ലാലേട്ടൻ വരുന്നത്” എന്ന് ഷറഫുദ്ദീൻ പറയുന്നു.
“അത് ഞാനല്ലല്ലോ രഞ്ജിത്ത് ഡയറക്ട് ചെയ്തു ഞാൻ അഭിനയിച്ചു” എന്ന് ലാലേട്ടനും പറയുന്നു. “രാവണപ്രഭുവിന്റെ റിലീസ് മാറ്റാൻ പറ്റോ?” എന്ന് തുറന്നു ചോദിച്ച ഷറഫുദ്ദീനോട് മോഹൻലാൽ രഞ്ജിത്ത് തന്നെ എഴുതിയ ഒരു ഡയലോ​ഗ് ആ സിനിമയിലുണ്ടെന്നും അത് ഏകദേശം ഇങ്ങനെയാണ് പറയുക എന്ന മുഖപുരയോടെ പറയുന്നു,
“ഇത് ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന ഒരു കളിയാണ് എല്ലാം മനസ്സിലായില്ലേ മോനേ..” രാവണപ്രഭുവിന്റെ ബിജിഎം ബാക്ക്​ഗ്രൗണ്ടിൽ കയറി വരുമ്പോൾ ‘അപ്പോൾ നമ്മൾ ഡേറ്റ് മാറ്റിക്കോ ഒക്ടോബർ 16’ എന്ന് പറഞ്ഞ് ആക്ടർ ഷറഫുദ്ദീൻ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പെറ്റ് ഡിക്ടറ്റീവി’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നു.

സിനിമയുടെ പ്രമോഷൻ ആയാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ ലാലേട്ടൻ ഫാൻസും മറ്റു സിനിമാ ആരാധകരുമെല്ലാം ഒരുപോലെ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’. പുറത്തിറങ്ങിയ വീഡിയോ പോലെത്തന്നെ രസകരമായി ചിത്രവുമെത്തും എന്ന പ്രതീക്ഷയിലാണ് ഷറഫുദ്ദീന്റെ ആരാധകർ.

https://www.instagram.com/reel/DPtasKwiXDm/?igsh=MTc1d3I2ZDNib3UzcA==

Related Posts