Cinema Entertainment Homepage Featured

ചരിത്രം പിറന്നു; ലോക 300 കോടി ക്ലബില്‍, അത്ഭുതനേട്ടത്തില്‍ മലയാള സിനിമ

ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’. ആദ്യമായി 300 കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന നേട്ടം സ്വന്തമാക്കി. റിലീസ് ചെയ്തു 41-ാം ദിവസമാണ് ആഗോള തലത്തില്‍ 300 കോടിയെന്ന അപൂര്‍വ നേട്ടം ലോക കൈവരിച്ചത്.

വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ മറികടന്ന് ലോക ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്റ്റാറ്റസ് ഉറപ്പിച്ചിരുന്നു. എമ്പുരാന്റെ 266.81 കോടി കളക്ഷന്‍ റിലീസ് ചെയ്തു 23 ദിവസങ്ങള്‍ കൊണ്ടാണ് ലോകഃ മറികടന്നത്. വേള്‍ഡ് വൈഡ് കളക്ഷനില്‍ ലോകഃ ഒന്നാമതും എമ്പുരാന്‍ രണ്ടാമതുമാണ് ഇപ്പോള്‍.

കേരള ബോക്‌സ്ഓഫീസിലും ലോകഃ തന്നെയാണ് ഒന്നാമത്. മോഹന്‍ലാല്‍ ചിത്രം ‘തുടരും’ നേടിയ 118.90 കോടി മറികടന്നാണ് ലോകഃ കേരള ബോക്‌സ്ഓഫീസില്‍ ഒന്നാമതെത്തിയത്. ലോകയുടെ കേരള കളക്ഷന്‍ 120 കോടി കടന്നു മുന്നേറുകയാണ്. കേരളത്തിലെ പ്രളയത്തിന്റെ കഥ പറഞ്ഞ ജൂഡ് ആന്റണി ചിത്രം ‘2018’ ആണ് കേരള ബോക്സ്ഓഫീസില്‍ മൂന്നാം സ്ഥാനത്ത്, 89.40 കോടി. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ 86.25 കോടിയുമായി നാലാമത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ 85.10 കോടി നേടി അഞ്ചാമതുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസാണ് ലോക നിര്‍മിച്ചത്. ഏതാണ്ട് 30 കോടിയാണ് ലോകഃയുടെ ചെലവ്. അഞ്ച് ചാപ്റ്ററുകളാണ് ലോകഃ ഫ്രാഞ്ചൈസിയില്‍ ഉള്ളത്. അടുത്ത ചാപ്റ്ററില്‍ ടൊവിനോ തോമസ് നായകനായെത്തും.

അതേസമയം സിനിമയുടെ ലാഭവിഹിതം മുഴുവന്‍ ടീമിനുമായി വീതിച്ചുനല്‍കുമെന്ന വിപ്ലവകരമായ തീരുമാനം ദുല്‍ഖര്‍ നേരത്തെ എടുത്തിരുന്നു. സിനിമയുടെ ലാഭവിഹിതം അഭിനയിച്ചവര്‍ക്കും അണിയറയില്‍ ഉണ്ടായിരുന്നവര്‍ക്കുമായി പങ്കുവയ്ക്കുമെന്നാണ് ദുല്‍ഖര്‍ അറിയിച്ചത്. ലോകഃയുടെ ഭാഗമായ എല്ലാവര്‍ക്കും പ്രതിഫലത്തിനു പുറമെ ലാഭത്തില്‍ നിന്ന് ഒരു വിഹിതവും ലഭിക്കും. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നിര്‍മാതാവും എടുക്കാത്ത തീരുമാനമാണിത്.

Related Posts