Cinema Entertainment Homepage Featured

13 വർഷമായി ഹിറ്റുകളില്ലാത്ത ഈ ബോളിവുഡ് നടിക്ക് 7790 കോടി ആസ്തി; പ്രിയങ്കയും ദീപികയും അടുത്തെങ്ങുമില്ല

ഡൽഹി: ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ഐശ്വര്യ റായും പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഒക്കെയാണെന്നായിരിക്കും പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നത്. ചിലർക്ക് നയൻതാരയേയും ആലിയാ ഭട്ടിനേയുമൊക്കെ ഓർമ വരും. എന്നാൽ ഇതിനിടെ പുറത്തു വന്ന ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയനുസരിച്ച് മറ്റൊരു താരത്തിനാണ് ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ളത്. ജൂഹി ചൗളയാണ് ആ മൂല്യമേറിയ താരമെന്നാണ് ഹുറുൺ ഇന്ത്യ പറയുന്നത്.

13 വർഷമായി ഒരു ഹിറ്റുമില്ല, തുടർച്ചയായി അഭിനയിക്കാറുമില്ല. എന്നാൽ താരത്തിന്റെ സമ്പത്ത് 7790 കോടിയാണ്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ സമ്പന്ന നടിമാരിലൊരാളാണ് ജൂഹി ചൗള. പക്ഷേ അഭിനയത്തിലൂടെ കൈവന്നതല്ല താരത്തിന്റെ സമ്പത്ത്. ജൂഹി ചൗളയുടേയും ഭർത്താവ് ജയ് മേത്തയുടേയും വിവിധ ബിസിനസ്സുകളിലൂടെയാണ് അവർ ലോകത്തിലെ തന്നെ വലിയ സമ്പന്നരിലൊരാളായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്രിക്കറ്റ് ടീമും റെഡ് ചില്ലീസ് പ്രൊഡക്ഷൻ ഹൗസുമാണ് അവരുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ചിലത്.തൊണ്ണൂറുകളിൽ ബോളിവുഡിലെ സൂപ്പർ താരമായിരുന്നു ജൂഹി. എന്നാൽ 2000 ത്തിനു ശേഷം സഹ കഥാപാത്രങ്ങളിലേക്ക് മാറി. 2010 വരെ വളരെ സെലക്ടീവായിരുന്നു താരം. ചോക്ക് ആന്റ് ഡസ്റ്റർ, ഏക് ലഡ്കി കോ ദേഖാ തോ ഏസാ ല​ഗാ, ശർമാജി നംകിൻ, ഫ്രൈഡേ നൈറ്റ്, ​ഗുലാബ് ​ഗാങ് തുടങ്ങി കൈനിറയെ ചിത്രങ്ങളും അവർക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പത്തു വർഷങ്ങളായി ജൂഹി ചൗളയുടെ പടങ്ങൾ അത്ര ഹിറ്റുകളായിരുന്നില്ല. മിക്കവയും ഒടിടിയിലായിരുന്നു റിലീസായത്. 2012 ൽ പുറത്തിറങ്ങിയ സൺ ഓഫ് സർദാർ ആയിരുന്നു ജൂഹിയുടെ ബോക്സ് ഓഫീസിൽ വിജയം നേടിയ അവസാന ചിത്രം.

പട്ടികയിൽ ഇടം നേടിയില്ലെങ്കിലും നൂറു മില്യണിലധികം സമ്പത്തുള്ള ഒരേയൊരു നടി ഐശ്വര്യ റായ് മാത്രമാണ്. ഷാരൂഖ് ഖാനാണ് ബോളിവുഡ് താരങ്ങളിൽ ഏറ്റവും സമ്പന്നൻ. 12490 കോടിയാണ് ഷാരൂഖ് ഖാന്റെ ആസ്തി. ഹൃത്വിക് റോഷൻ, കരൺ ജോഹർ, അമിതാഭ് ബച്ചൻ തുടങ്ങിയവർക്ക് യഥാക്രമം 2160, 1880, 1630 കോടിയാണ് ആസ്തിയെന്നും പട്ടികയിൽ കാണാം.

2025 ലെ എം ​​3 എം ഹുറുൺ ഇന്ത്യയുടെ ഏറ്റവും പുതിയ ഈ പട്ടികയനുസരിച്ച് മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ. 9.55 ലക്ഷം കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 8.15 ലക്ഷം കോടിയുടെ ആസ്തിയുള്ള ​ഗൗതം അദാനിയാണ് മുകേഷിന് തൊട്ടു പിന്നിലുള്ളത്. 2.84 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്നി നാടാർ മൽഹോത്രയാണ് മൂന്നാമതുള്ളത്. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ് റോഷ്നി നാടാർ.

Related Posts