2022 ലെ വലിയ വിജയമായ കാന്താരയുടെ പ്രീക്വല്‍ ആയി ഇന്നലെ തിയറ്ററുകളിലെത്തിയ ‘കാന്താര ചാപ്റ്റര്‍ 1’ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. റിലീസ് ദിനം 60 കോടിക്കു മുകളിലാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കാന്താര-ചാപ്റ്റര്‍ 1 നേടിയത്.
ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 60 കോടിക്കു മുകളില്‍ നെറ്റ് കളക്ഷന്‍ കാന്താര സ്വന്തമാക്കിയതായി സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം 19-21 കോടിയാണ് കളക്ഷന്‍. കന്നഡ, തമിഴ്, മലയാളം എന്നിവയ്ക്കു പുറമേ ഹിന്ദിയില്‍ നിന്നും മികച്ച കളക്ഷന്‍ ലഭിച്ചത് വരുംദിവസങ്ങളില്‍ കാന്താര ബോക്‌സ്ഓഫീസ് വേട്ടയില്‍ കുതിക്കുമെന്നതിന്റെ ലക്ഷണമാണ്. കന്നഡ പതിപ്പ് 88.13 ഒക്യുപ്പന്‍സിയിലാണ് ആദ്യദിനം പ്രദര്‍ശിപ്പിച്ചത്.
കേരളത്തിലും കാന്താരയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യദിനം കേരളത്തില്‍ നിന്ന് ആറ് കോടിയിലേറെ കളക്ട് ചെയ്തു. ആദ്യ ഞായറാഴ്ച പിന്നിടുമ്പോള്‍ തന്നെ കാന്താര മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
2022 ലെ കാന്താര സംവിധാനം, അഭിനയം എന്നിവയ്ക്കായി റിഷബ് ഷെട്ടി നാല് കോടിയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാന്താര ചാപ്റ്റര്‍ 1 ലേക്ക് എത്തിയപ്പോള്‍ തന്റെ പ്രതിഫലം റിഷബ് ഷെട്ടി വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏതാണ്ട് 100 കോടിയാണ് കാന്താരയുടെ സംവിധാനത്തിനും പ്രധാന കഥാപാത്രം ചെയ്യാനുമായി റിഷബ് ഷെട്ടി വാങ്ങിയിരിക്കുന്നത്.
ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായ സപ്തമി ഗൗഡ, രുക്മിണി വസന്ത്, ഗുല്‍ഷാന്‍ ദേവൈ, ജയറാം എന്നിവര്‍ ഒരു കോടിയാണ് പ്രതിഫലം കൈപറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ആകെ ചെലവ് 150-200 കോടിയാണ്.
















