കൊച്ചി: ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും ചെയ്ത് അഭിനയിക്കുന്ന കാന്താര: ചാപ്റ്റർ 1- എ ലെജൻഡ് എന്ന കാന്താര 2 തീയറ്ററുകളിലെത്തി. ആദ്യ റിപ്പോർട്ടുകളനുസരിച്ച് ഒന്നാം ഭാഗത്തേക്കാളും മികച്ച ദൃശ്യവിരുന്നാണ് ഋഷഭ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജനപ്രിയ നടൻ ജയറാമിനും ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്.
പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണങ്ങളായാണ് കാന്താരയെന്ന കാടിനു നേരെയും അവിടെ ജീവിക്കുന്നവർക്ക് നേരെയുമുള്ള അതിക്രമങ്ങളെ വിലയിരുത്തേണ്ടത്. കാടിനു സംരക്ഷണമൊരുക്കുന്ന യുവാവിനേയും ചിത്രത്തിൽ കാണാം. ചിലപ്പോൾ അയാളൊരു വിപ്ലവകാരിയാണെന്നു തോന്നും. കാന്താരയുടെ ആദ്യഭാഗം കാണാത്തവർക്കും ആസ്വദിക്കാനാകും വിധമാണ് ചിത്രമൊരുക്കിയതെന്നതിനാലും പ്രേക്ഷകർ കൂടുതൽ തീയെറ്ററുകളിലെത്തും.
അജനീഷ് ലോകനാഥ് തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പാശ്ചാത്തല സംഗീതമാണ് കാന്താരയുടെ ഹൈലൈറ്റുകളിലൊന്ന്. സിനിമാപ്രേമികൾക്ക് തിയെറ്ററിൽ സംഗീത വിസ്മയം തന്നെ സമ്മാനിക്കുന്നുവെന്ന് പറയാം. റാംലക്ഷ്മൺ, അർജുൻ രാജ്, മഹേഷ് മാത്യു തുടങ്ങിയവർ ചേർന്ന് ഒരുക്കിയ സംഘട്ടന രംഗങ്ങളും സിനിമയുടെ തീമിനു ഇണങ്ങുന്ന ഫോർമാറ്റിലാണ്. സംവിധായകനും ഏറ്റവും മികച്ച പരിശ്രമമാണ് ചിത്രത്തിൽ നടത്തിയത്.
അഭിനയത്തിന്റെ കാര്യത്തിലെന്ന പോലെ കഥാഗതിയിലും ജയറാമും രുക്മിണി വസന്തും ശരിക്കും ഞെട്ടിച്ചു. മറ്റൊരു കഥാപാത്രം ഗുൽഷൻ ദേവയ്യ അവതരിപ്പിച്ചതാണ്. അത്രമേൽ ധൂർത്തനും മദ്യപാനിയും ദുഷ്ടനുമായ കഥാപാത്രമായാണ് ഗുൽഷൻ ദേവയ്യ സിനിമയിൽ എത്തുന്നത്. ദൃശ്യ വിസ്മയമെന്നത് ചെറിയ വിശേഷണമെന്നാണ് ചില റിവ്യൂകൾ വിലയിരുത്തുന്നത്.
















