Cinema Entertainment Features Homepage Featured

എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളിയെ തിരിച്ചുകിട്ടുമോ?

ഴിഞ്ഞ കുറേ നാളുകളായി മലയാളം സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത് നിവിന്‍ പോളിയുടെ തിരിച്ചുവരവിനു വേണ്ടിയാണ്. 2021 ല്‍ ഒടിടിയിലൂടെ റിലീസ് ചെയ്ത ‘കനകം കാമിനി കലഹം’ ആണ് ഫുള്‍ സ്വിങ്ങിലൊരു നിവിന്‍ പോളി ഷോ കാണിച്ചുതന്ന സിനിമ. പിന്നീട് വന്ന സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തിയതിനൊപ്പം നിവിന്‍ പോളിയെന്ന പെര്‍ഫോമറെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തു.

2024 ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തില്‍ നിധിന്‍ മോളി എന്ന കാമിയോ വേഷത്തില്‍ നിവിന്‍ തിളങ്ങിയിരുന്നു. അപ്പോഴാണ് പ്രേക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഇങ്ങനെയൊരു ‘നിവിന്‍ പോളി ഷോ’യ്ക്കു വേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന്. അതിനു പിന്നാലെ വലിയ പ്രതീക്ഷകളോടെ എത്തിയ ‘രാമചന്ദ്ര ബോസ് ആന്റ് കോ’യില്‍ താരം നിരാശപ്പെടുത്തി.

ഡിസംബര്‍ 25 നു തിയറ്ററുകളിലെത്താന്‍ പോകുന്ന ‘സര്‍വ്വം മായ’ നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആയിരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിനൊപ്പം അജു വര്‍ഗീസും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഫാന്റസി കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളിയുടേത് ഒരു രസികന്‍ കഥാപാത്രമായിരിക്കുമെന്നാണ് ഇതുവരെയുള്ള അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനൊപ്പം നിവിന്‍ പോളി – അജു വര്‍ഗീസ് കൂട്ടുകെട്ടിനു മലയാളത്തില്‍ വലിയൊരു ഫാന്‍ ബേസും ഉണ്ട്.

ഇതിനിടെ നിവിന്‍ പോളി കേന്ദ്ര കഥാപാത്രമാകുന്ന വെബ് സീരിസ് ‘ഫാര്‍മ’യും ജിയോ ഹോട്ട്സ്റ്റാറിലൂടെ എത്തുകയാണ്. കെ.പി.വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്. ‘ഫൈനല്‍സ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പി.ആര്‍.അരുണ്‍ ആണ് ‘ഫാര്‍മ’യുടെ സംവിധായകന്‍. നടന്‍ എന്ന നിലയില്‍ നിവിന്‍ പോളിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രമായിരിക്കും ‘ഫാര്‍മ’യിലേതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

2010 ല്‍ നിവിന്‍ പോളി അരങ്ങേറ്റം കുറിച്ച ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ മുതലുള്ള സിനിമകള്‍ നോക്കിയാല്‍ തിയറ്ററുകളില്‍ വലിയ വിജയമായ ചിത്രങ്ങളിലെല്ലാം നിവിന്‍ പോളിയുടെ പെര്‍ഫോമന്‍സ് നിര്‍ണായക ഫാക്ടര്‍ ആയിരുന്നു. തട്ടത്തില്‍ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൗ ആക്ഷന്‍ ഡ്രാമ ഈ സിനിമകളുടെയെല്ലാം ഒരു പ്രധാന ഘടകം പ്രേക്ഷകരെ രസിപ്പിക്കുന്ന നിവിന്‍ പോളിയുടെ സാന്നിധ്യമാണ്.

ഇത്തരം കഥാപാത്രങ്ങളിലേക്ക് നിവിന്‍ പോളി മടങ്ങിയെത്തണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ സജീവമായി നില്‍ക്കുന്ന താരങ്ങളില്‍ കോമഡി കഥാപാത്രങ്ങള്‍ അനായാസമായി പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് നിവിന്‍ പോളി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അടക്കം നിവിന്റെ ഇത്തരം കഥാപാത്രങ്ങള്‍ക്കു വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. സിനിമകളുടെ കാര്യത്തില്‍ നിവിന്‍ സെലക്ടീവ് ആകണമെന്നും തന്നെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളിലേക്ക് തിരിച്ചെത്തണമെന്നുമാണ് സിനിഫൈല്‍സിന്റെ ആവശ്യം. എന്തായാലും അങ്ങനെയൊരു സിനിമയായിരിക്കും ‘സര്‍വ്വം മായ’ എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.

Related Posts