Cinema Entertainment Homepage Featured News

ആദ്യ മമ്മൂട്ടിയെത്തും, പിന്നാലെ ദിലീപും നിവിനുമുണ്ട്; സിനിഫൈല്‍സിന്റെ പോക്കറ്റ് കാലിയാകും ഡിസംബറില്‍

രിടവേളയ്ക്കു ശേഷം മലയാളം ബോക്‌സ്ഓഫീസില്‍ സൂപ്പര്‍താരങ്ങളുടെ പോരാട്ടം. ഡിസംബറില്‍ തിയറ്ററിലെത്തുന്ന സിനിമകളില്‍ മമ്മൂട്ടി മുതല്‍ നിവിന്‍ പോളി വരെയുള്ള താരചിത്രങ്ങളുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ആണ് വിതരണം. മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിനായകന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വലിയൊരു ഇടവേളയ്ക്കു ദിലീപിന്റെ മുഴുനീള എന്റര്‍ടെയ്‌നര്‍ വേഷം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ‘ഭ.ഭ.ബ’യ്ക്കു കാത്തിരിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ ഡിസംബര്‍ 18 നാണ് റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ സിനിമയുടെ ഹൈപ്പ് ഉയര്‍ത്തുന്നത് മോഹന്‍ലാലിന്റെ കാമിയോ കഥാപാത്രമാണ്. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിനു ശേഷം ദിലീപും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭ.ഭ.ബ’യ്ക്കുണ്ട്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അഖില്‍ സത്യന്‍ സംവിധാനം ചെയ്തിരിക്കുന്ന ‘സര്‍വ്വം മായ’യുമായാണ് നിവിന്‍ പോളി ഡിസംബര്‍ ക്ലാഷിനു എത്തുന്നത്. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 നാണ് റിലീസ്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ് എത്തുന്ന സിനിമയെന്ന നിലയില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് ‘സര്‍വ്വം മായ’യ്ക്കായി കാത്തിരിക്കുന്നത്. ജനാര്‍ദ്ധനനും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോര്‍ സംവിധാനം ചെയ്ത ‘വൃഷഭ’യും ഡിസംബര്‍ അവസാനത്തോടെ തിയറ്ററുകളിലെത്തും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും. ഷനയ കപൂര്‍ ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു

Related Posts