27 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്‌ലഹേം വീണ്ടും തിയറ്ററുകളിലെത്തുകയാണ്. എത്ര തവണ കണ്ടാലും ഫ്രഷ്‌നെസ് നഷ്ടപ്പെടാത്ത ഇമോഷണലി പ്രേക്ഷകരെ കണക്ട് ചെയ്യുന്ന എന്തോ ഒരു മാജിക്ക് ഈ സിനിമയ്ക്കുണ്ട്.
1998 ല്‍ റിലീസ് ചെയ്ത സമ്മര്‍ ഇന്‍ ബെത്‌ലഹേം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയാണ്. സിനിമയില്‍ ജയറാം അവതരിപ്പിച്ച രവിശങ്കര്‍ എന്ന കഥാപാത്രത്തിനു പൂച്ചയെ അയയ്ക്കുന്നത് ആരാണ്? അഞ്ച് കസിന്‍ സിസ്റ്റേഴ്‌സില്‍ ഒരാള്‍ക്കു രവിശങ്കറിനോടു കടുത്ത പ്രണയമുണ്ട്. എന്നാല്‍ ഈ കക്ഷി ആരാണെന്ന് സിനിമയില്‍ വെളിപ്പെടുത്തിയിട്ടില്ല. റി റിലീസ് ചെയ്യുമ്പോഴും പ്രേക്ഷകരുടെ ഉള്ളില്‍ ഈ ചോദ്യം ബാക്കിയാണ്.
അഞ്ച് പേരില്‍ ആരായിരിക്കും രവിശങ്കറിനെ പ്രണയിക്കുന്നത്, രവിക്ക് പൂച്ചയെ അയച്ചത് ആരായിരിക്കും എന്നാണ് എല്ലാവരുടെയും സംശയം. എന്നാല്‍ സിനിമയില്‍ തന്നെ അതിനുള്ള ഉത്തരവും ഉണ്ട്. രവിശങ്കറും സുഹൃത്ത് ഡെന്നീസും ആദ്യം സംശയിക്കുന്നത് ആമിയെയാണ്. മഞ്ജു വാരിയറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ താനല്ല രവിശങ്കറിനെ പ്രണയിക്കുന്നതെന്ന് ആമി പറയുന്നുണ്ട്. പിന്നീട് മറ്റു നാല് പേരില്‍ ആരായിരിക്കും രവിശങ്കറിനെ പ്രണയിക്കുന്നതെന്ന് അറിയാന്‍ ആമിയാണ് പരിശ്രമിക്കുന്നത്.
ശ്രീജയ നായര്‍ അവതരിപ്പിച്ച ദേവിക എന്ന കഥാപാത്രവും തീര്‍ത്തുപറയുന്നുണ്ട് താന്‍ രവിയേട്ടനെ ആ ഒരു രീതിയില്‍ കണ്ടിട്ടില്ല എന്ന്. പിന്നീട് ആമിയും ദേവികയും കൂടി മഞ്ജുള അവതരിപ്പിച്ച അപര്‍ണ എന്ന കഥാപാത്രത്തോടു ഇതേ കുറിച്ച് ചോദിക്കുന്നു. അപര്‍ണയും പറയുന്നു താനല്ല രവിശങ്കറിനെ പ്രണയിച്ചതെന്ന്. ഈ മൂന്ന് പേരുമല്ല രവിയെ രഹസ്യമായി പ്രണയിക്കുന്നതെന്ന് സിനിമയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഈ മൂന്ന് പേര്‍ അല്ലാതെ കസിന്‍സിലെ മറ്റു രണ്ട് പേരില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നതും പൂച്ചയെ അയയ്ക്കുന്നതും. ഗായത്രിയും സംഗീതയുമാണ് ആ രണ്ട് പേര്‍. തങ്ങളില്‍ ഒരാള്‍ക്കു രവിയേട്ടനോടു കടുത്ത പ്രണയമാണെന്ന് ഇവര്‍ തന്നെ സിനിമയില്‍ മറ്റു കസിന്‍സിനോടു പറയുന്നുണ്ട്. തങ്ങള്‍ രണ്ട് പേരില്‍ ആരാണ് ആ ഒരാള്‍ എന്നുമാത്രം ഇവര്‍ വെളിപ്പെടുത്തുന്നില്ല. മയൂരിയാണ് ഗായത്രി എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജ്യോതി എന്ന കഥാപാത്രമായി സംഗീത ക്രിഷും എത്തിയിരിക്കുന്നു. അഞ്ച് പേരില്‍ ആര് എന്നതില്‍ നിന്ന് ഈ രണ്ട് പേരില്‍ ആരായിരിക്കും രവിശങ്കറിനെ പ്രണയിക്കുന്നതെന്ന് മാത്രം ഇനി കണ്ടെത്തിയാല്‍ മതി.
അതേസമയം രവിക്ക് പൂച്ചയെ അയക്കുന്നത് ആരാണെന്ന ചോദ്യത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സിബി മലയില്‍ നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു. ‘സത്യത്തില്‍ അതാരാണെന്ന് എനിക്കും അറിയില്ല, തിരക്കഥാകൃത്തായ രഞ്ജിത്ത് അത് പറഞ്ഞിട്ടില്ലെന്നായിരുന്നു’ എന്നാണ് സിബിയുടെ മറുപടി. അപ്പോ ഈ രണ്ട് പേരില്‍ ആരായിരിക്കും രവിയെ പ്രണയിക്കുന്നതെന്ന് ഇനി പ്രേക്ഷകര്‍ പ്രവചിക്കട്ടെ..!
















