മലയാള സിനിമയ്ക്കു പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറം പേരും പെരുമയും നേടിത്തന്ന ആദ്യകാല സംവിധായകരില്‍ ഒരാളായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമ ചെയ്യുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയായിരിക്കും അടൂരിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയായിരിക്കും ഇത്.
2016 ല്‍ ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘പിന്നെയും’ ആണ് അടൂരിന്റെ അവസാന സിനിമ. അതിനുശേഷം സംവിധാന രംഗത്തുനിന്ന് ഇടവേളയെടുത്ത അടൂര്‍ തന്റെ 84-ാം വയസ്സിലാണ് മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമ ചെയ്യാന്‍ പോകുന്നത്. മമ്മൂട്ടി കമ്പനിയായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.
തകഴി ശിവശങ്കരപ്പിള്ളയുടെ ക്ലാസിക് നോവലായ ‘രണ്ടിടങ്ങഴി’യുടെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും മമ്മൂട്ടി-അടൂര്‍ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ‘രണ്ടിടങ്ങഴി’ സിനിമയാക്കാന്‍ മമ്മൂട്ടിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 1958 ല്‍ ‘രണ്ടിടങ്ങഴി’ ആസ്പദമാക്കി പി.സുബ്രഹ്‌മണ്യം സിനിമ ചെയ്തിരുന്നു. ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും തകഴി തന്നെയായിരുന്നു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ സമരോജ്വലമായ ജീവിതമാണ് നോവലിലും സിനിമയിലും പ്രതിപാദിച്ചിരിക്കുന്നത്. സിനിമയില്‍ കോരന്‍ എന്ന കര്‍ഷകത്തൊഴിലാളി കഥാപാത്രത്തെ അവതരിപ്പിച്ചത് പി.ജെ.ആന്റണിയാണ്.
1987 ല്‍ ‘അനന്തരം’ എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. അതിനുശേഷം ‘മതിലുകള്‍’, ‘വിധേയന്‍’ എന്നീ അടൂര്‍ ചിത്രങ്ങളിലും മമ്മൂട്ടി നായകനായി. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറിനെയും വിധേയനില്‍ ഭാസ്‌കരപട്ടേലര്‍ എന്ന ജന്മിയെയുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ രണ്ട് സിനിമകളിലെ അഭിനയത്തിനും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
















