ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കവുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ച് നടി മീര വാസുദേവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഡിവോഴ്‌സ് വാര്‍ത്ത അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്ന് മീര പറഞ്ഞു.
‘ഞാന്‍, നടി മീര വാസുദേവന്‍, 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’ മീര കുറിച്ചു. വിവാഹചിത്രങ്ങള്‍ ഉള്‍പ്പെടെ വിപിനുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണ് മീരയും വിപിനും വിവാഹിതരായത്. 43 കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്.
2019 മുതല്‍ ഒരുമിച്ച് സീരിയലില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു മീരയും വിപിനും. അങ്ങനെയാണ് ഇരുവരും അടുത്തതും പ്രണയത്തിലായതും. 2024 മേയ് 21 നാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്.
23-ാം വയസ്സിലാണ് മീരയുടെ ആദ്യ വിവാഹം. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു ജീവിത പങ്കാളി. ഈ ബന്ധം മൂന്ന് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ചേര്‍ന്നു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും വിവാഹമോചനം നേടി. 2012 ല്‍ മീര രണ്ടാമത്തെ വിവാഹം കഴിച്ചു. നടന്‍ ജോണ്‍ കൊക്കനെയാണ് മീര രണ്ടാമത് ജീവിത പങ്കാളിയാക്കിയത്. നാല് വര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്.
ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’യില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര വാസുദേവ് മലയാളി പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായത്. പിന്നീട് ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ‘കുടുംബവിളക്ക്’ സീരിയലില്‍ സുമിത്ര എന്ന നായികവേഷം ചെയ്തിരുന്നു.
















