Nelvin Gok
നെപ്പോ കിഡില്‍ നിന്ന് താരത്തിലേക്കും അവിടെ നിന്ന് ഇരുത്തം വന്ന നടനിലേക്കുമുള്ള ദൂരമാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കാന്ത’. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സെന്ന നിലയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസിക്കുകയും ചെയ്യേണ്ട കഥാപാത്രമാണ് ‘കാന്ത’യിലെ ടി.കെ.മഹാദേവന്‍.
ഒന്നുമില്ലാത്തിടത്തു നിന്ന് നടനാകുകയും അവിടെ നിന്ന് സൂപ്പര്‍ താരമാകുകയും പിന്നീട് ആ സൂപ്പര്‍താരം കടന്നുപോകുന്ന കോണ്‍ഫ്‌ളിക്ടുകളെ കഥാപാത്രം ആവശ്യപ്പെടുന്ന മീറ്ററില്‍ ആടിത്തിമിര്‍ക്കുകയുമാണ് ദുല്‍ഖര്‍. ഒരിടത്തും ടി.കെ.മഹാദേവനില്‍ നിന്ന് ദുല്‍ഖര്‍ വ്യതിചലിക്കുന്നില്ലെന്ന് മാത്രമല്ല ആ കഥാപാത്രത്തിന്റെ വ്യത്യസ്ത വൈകാരിക തലങ്ങളെ അതിന്റെ പൂര്‍ണതയില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുമുണ്ട്.
ഈഗോയിസ്റ്റുകളായ രണ്ട് കഥാപാത്രങ്ങളാണ് ‘കാന്ത’യെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതിലൊന്ന് ദുല്‍ഖറിന്റെ സൂപ്പര്‍സ്റ്റാര്‍ ടി.കെ.മഹാദേവനാണ്. മണിരത്‌നം സംവിധാനം ചെയ്തു 1997 ല്‍ പുറത്തിറങ്ങിയ ‘ഇരുവര്‍’ സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ആനന്ദന്‍ എന്ന ഐക്കോണിക് കഥാപാത്രം ടി.കെ.മഹാദേവന്‍ എന്ന കഥാപാത്രത്തിനു റഫറന്‍സ് ആയിട്ടുണ്ട്.
മോഹന്‍ലാല്‍ അതിഗംഭീരമാക്കിയ ഒരു കഥാപാത്രത്തിന്റെ അരികുപിടിച്ചുള്ള ട്രപ്പീസ് കളിയില്‍ ദുല്‍ഖറിലെ നടന്‍ പൂര്‍ണമായി വിജയിച്ചിരിക്കുന്നു. ഒരു താരമെന്ന നിലയില്‍ വെല്ലുവിളികളൊന്നും ദുല്‍ഖറിനു മുന്നിലില്ലെങ്കിലും നടനെന്ന നിലയില്‍ കാതങ്ങള്‍ താണ്ടാനുണ്ടെന്നും അതിനുവേണ്ടി കരിയറില്‍ എന്ത് റിസ്‌ക്കെടുക്കാനും താന്‍ തയ്യാറാണെന്നും ‘കാന്ത’യിലൂടെ ദുല്‍ഖര്‍ പ്രഖ്യാപിക്കുന്നു. പരിമിതകളുള്ള നടനെ തന്റെ താരശരീരം കൊണ്ട് മറച്ചുപിടിക്കാനുള്ള കണ്‍കെട്ടുകളിലും ദുല്‍ഖര്‍ വിശ്വസിക്കുന്നില്ല.
നിയന്ത്രിതമായ പെര്‍ഫോമന്‍സിനൊപ്പം ചിലയിടങ്ങളില്‍ ‘ഓവര്‍ ദി ടോപ്പ്’ പെര്‍ഫോമന്‍സും ടി.കെ.മഹാദേവന്‍ എന്ന കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. രണ്ടിടത്തും കൈയടക്കത്തോടെ കഥാപാത്രത്തോടു ദുല്‍ഖര്‍ നീതികാണിച്ചു. 1950 കളിലെ ഒരു സൂപ്പര്‍സ്റ്റാറിനെ ശരീരഭാഷ കൊണ്ട് പോലും പക്വതയോടെ അവതരിപ്പിച്ചിട്ടുണ്ട് ദുല്‍ഖര്‍.
തന്റെ സിനിമ അരങ്ങേറ്റ സമയത്തെ കുറിച്ചുള്ള കയ്‌പ്പേറിയ അനുഭവം ദുല്‍ഖര്‍ ഒരിക്കല്‍ പങ്കുവെച്ചിട്ടുണ്ട്. സെക്കന്റ് ഷോയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്നവര്‍ വെറുതെ കളിയാക്കുമായിരുന്നു. ആളുകള്‍ പരിഹസിക്കുന്നതും വഴക്ക് പറയുന്നതും താന്‍ കേള്‍ക്കുന്നുണ്ടായിരുന്നെന്ന് ദുല്‍ഖര്‍. ഇന്ന ആളുടെ മകനാണ്, ഇവനെ കൊണ്ടൊന്നും പറ്റില്ല എന്നൊക്കെ പറഞ്ഞ് ആളുകള്‍ കളിയാക്കുമായിരുന്നു. ഷൂട്ടിങ്ങിനിടെ ആകെ ടെന്‍ഷനിലായി.
താന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഭയപ്പെടുന്നതായി തോന്നിയ സംവിധായകന്‍ ശ്രീനാഥ് ഒരു സീന്‍ തന്നെ 37, 40 ടേക്കുകള്‍ എടുത്തു. സെറ്റില്‍ നിന്ന് ആകെ വിയര്‍ത്തു കുളിച്ചു. അഭിനയം എന്നെക്കൊണ്ട് പറ്റില്ല, ഞാന്‍ മോശം നടനാണ് എന്നൊക്കെ തനിക്ക് അപ്പോള്‍ തോന്നിയെന്ന് ദുല്‍ഖര്‍ പറയുന്നു. തനിക്കൊരു നടനാകാനുള്ള കഴിവില്ലെന്നു സ്വയം പഴിച്ച അതേ ദുല്‍ഖര്‍ സല്‍മാനാണ് കാന്തയിലെ ടി.കെ.മഹാദേവന്‍ എന്ന അത്ര പെട്ടന്ന് എടുത്താല്‍ പൊന്താത്ത കഥാപാത്രത്തിനു ശരീരവും മനസും നല്‍കിയിരിക്കുന്നത്.
രാകിമിനുക്കിയാലേ ഒരു നടന്‍ ‘നല്ല നടന്‍’ ആകൂവെന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ നടന്‍ പറഞ്ഞിട്ടുള്ളത് ദുല്‍ഖറും കേട്ടുകാണും. ‘കാന്ത’യിലെ അഭിനേതാവും ദുല്‍ഖറിന്റെ സുഹൃത്തുമായ റാണ ദഗുബാട്ടി ‘നടിപ്പ് ചക്രവര്‍ത്തി’യെന്നാണ് ടി.കെ.മഹാദേവനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ നിന്ന് ഇറങ്ങിയ റാണ ഒരു പൊതുവേദിയില്‍ വെച്ച് ദുല്‍ഖറിനെ നോക്കിയും ഇത് ആവര്‍ത്തിക്കുന്നുണ്ട്. താരശരീരമായിരിക്കുകയല്ല മറിച്ച് ‘നടിപ്പാണ്’ തന്റെ തൊഴിലെന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ദുല്‍ഖറിനു ഇതിനേക്കാള്‍ നല്ലൊരു വിശേഷണമില്ല, ‘നടിപ്പ് ചക്രവര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍’
















