മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവല്‍’ നവംബര്‍ 27 നു തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്ളതാണ്. സിനിമയുടെ ഇതുവരെ പുറത്തുവന്ന ഓരോ അപ്‌ഡേറ്റും ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ചിട്ടുള്ളവയാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ട്രെയ്‌ലറിലും ഈ നിഗൂഢതകള്‍ കാണാം.
‘ഉള്ളിലെ വിഷം എല്ലാക്കാലത്തും ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയില്ല’ എന്ന മുന്നറിയിപ്പോടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. മമ്മൂട്ടി വില്ലനാണെന്ന് മുന്‍പേ വെളിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ ‘വില്ലനിസം’ ഏതുതരത്തില്‍ ഉള്ളതായിരിക്കുമെന്നതിന്റെ സൂചനയാണ് ഈ വാക്കുകള്‍. സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന, ഉയര്‍ന്ന പദവിയിലുള്ള ഒരു കഥാപാത്രമായിരിക്കാം മമ്മൂട്ടിയുടേത്. എന്നാല്‍ അയാളില്‍ ഉള്ളത് സമൂഹത്തിനു അങ്ങേയറ്റം വിനാശകരമായി മാറാവുന്ന ഉഗ്രവിഷമാണെങ്കിലോ?
വളരെ ചെറിയ ഒരു പ്ലോട്ടില്‍ നിന്ന് മുന്നോട്ടു പോകുംതോറും അതിസങ്കീര്‍ണമായ സംഭവവികാസങ്ങളായിരിക്കും സിനിമയില്‍ സംഭവിക്കുകയെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. സാധാരണ ഒരു കേസിന്റെ അന്വേഷണം കൂടുതല്‍ മുന്നോട്ടു പോകുംതോറും അഴിച്ചെടുക്കാന്‍ കഴിയാത്ത വിധം ഒരു കുരുക്കായി മാറുന്നു. എല്ലാം കണ്ടും കേട്ടും മറുവശത്ത് ഒരു വില്ലന്‍ ഒളിഞ്ഞിരിപ്പുണ്ട്. പൊലീസ് ഫോഴ്‌സ് മുഴുവന്‍ വിചാരിച്ചാലും തന്നെ കണ്ടെത്താന്‍ സാധിക്കില്ലെന്ന, അല്ലെങ്കില്‍ താന്‍ ആരാണെന്ന് പൊലീസ് അറിഞ്ഞാല്‍ പോലും യാതൊരു കൂസലുമില്ലാതെ കുറ്റകൃത്യങ്ങള്‍ തുടരാന്‍ പാകത്തിനു ധൈര്യമുള്ള ഒരു വില്ലന്‍ !
ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ഒരു ഷാഡോ മാത്രമാണ് കാണിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരൊറ്റ ഡയലോഗ് മാത്രം നമുക്ക് ട്രെയ്‌ലറില്‍ കേള്‍ക്കാന്‍ സാധിക്കും. ‘ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോള്‍ ആണെന്ന് അറിയോ?’ എന്നാണ് മമ്മൂട്ടി കഥാപാത്രം പറയുന്ന ഡയലോഗ്. ഈ ഡയലോഗില്‍ മമ്മൂട്ടിയുടെ കഥാപാത്രം എത്രത്തോളം അപകടകാരിയാണെന്ന സൂചന നല്‍കുന്നുണ്ട്. മനുഷ്യരെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോപ്പാത്ത് ആയിരിക്കും മമ്മൂട്ടി കഥാപാത്രം. എന്നാല്‍ ഈ വില്ലനെ അതിസാഹസികമായി വിനായകന്‍ അടങ്ങുന്ന പൊലീസ് സംഘം കണ്ടെത്തുന്നുണ്ട്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായിരിക്കും വിനായകന്‍ vs മമ്മൂട്ടി ക്ലാഷ് എന്ന് ട്രെയ്‌ലറില്‍ നിന്നും മുന്‍പ് പുറത്തുവന്ന ടീസറില്‍ നിന്നും വ്യക്തമാണ്.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാര്‍, തമിഴില്‍ എഴുതിയ കുറിപ്പ് തുടങ്ങി സിനിമയുടെ പ്രധാന സംഭവവികാസങ്ങളെല്ലാം തമിഴ്‌നാട്ടിലാണ് നടക്കുന്നതെന്ന സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നു. ഇരകളെ തന്നിലേക്ക് എത്തിക്കുന്ന ഒരു സൈക്കോപ്പാത്തും വക്രബുദ്ധിക്കാരനുമാണ് കളങ്കാവലിലെ വില്ലനെന്ന് പ്രതീക്ഷിക്കാം. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതത്തില്‍ പോലും വല്ലാത്തൊരു നിഗൂഢത ഒളിപ്പിച്ചുവയ്ക്കപ്പെടുന്നുണ്ട്. വിധേന്‍, പാലേരിമാണിക്യം, പുഴു, ഭ്രമയുഗം തുടങ്ങി മമ്മൂട്ടി വില്ലന്‍ വേഷം ചെയ്തപ്പോഴെല്ലാം മലയാളി പ്രേക്ഷകര്‍ ഞെട്ടിയിട്ടുണ്ട്. അതേ ഞെട്ടല്‍ കളങ്കാവലിലും പ്രതീക്ഷിക്കാം.
















