‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വിജയ ചിത്രമാണെങ്കിലും ഇനിവരുന്ന ലോകഃ ചാപ്റ്ററുകള്‍ ആ റെക്കോര്‍ഡുകളെല്ലാം ഈസിയായി മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം ചാപ്റ്റര്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതിനിടയിലും ലോകഃയില്‍ മമ്മൂട്ടി ഭാഗമാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ഒടുവില്‍ ഇതാ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഇതേകുറിച്ച് വെളിപ്പെടുത്തുന്നു.
ലോകഃയിലെ വരാനിരിക്കുന്ന ഏതെങ്കിലും ചാപ്റ്ററുകളില്‍ താനും വാപ്പിച്ചിയും (മമ്മൂട്ടി) ഒന്നിക്കുമെന്ന പ്രതീക്ഷയാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. ലോകഃയിലെ അടുത്ത ഭാഗങ്ങളില്‍ കാമിയോയായി മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്താന്‍ സാധ്യതയുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. ‘ തീര്‍ച്ചയായും..അത്തരത്തിലുള്ള പ്ലാനിങ്ങുകള്‍ നടക്കുന്നുണ്ട്,’ എന്ന് ദുല്‍ഖര്‍ മറുപടി നല്‍കി.
ലോകഃയില്‍ ആയിരിക്കുമോ മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്നതെന്ന ചോദ്യത്തിനും രസകരമായ രീതിയില്‍ ദുല്‍ഖര്‍ മറുപടി നല്‍കി. ‘അതിന് മുന്‍പ് ഒരു ചാന്‍സ് ഞാന്‍ കാണുന്നില്ല. ലോകയിലെ കാമിയോ തന്നെ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്,’ എന്നാണ് ദുല്‍ഖര്‍ മറുപടി കൊടുത്തത്.
‘ 14 വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കില്‍ ഒരു മകന്‍ എന്നതിനേക്കാള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അത് ഞാന്‍ അധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്നിക്കല്‍ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോര്‍ട്ട് ആയിട്ട് കൂടെ ഉണ്ടാകും,’ ദുല്‍ഖര്‍ പറഞ്ഞു.
ലോകഃ ചാപ്റ്റര്‍ ഒന്നില്‍ മൂത്തോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘വേണ്ട’ എന്നൊരു ഡയലോഗും കൈയും മാത്രമാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകര്‍ക്കു തിരിച്ചറിയാന്‍ സാധിക്കൂ. മുഖം പോലും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതില്‍ നിന്നാണ് ലോകഃയുടെ അടുത്ത ഏതെങ്കിലും ചാപ്റ്ററില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വിശദമായ പരാമര്‍ശം ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
















