മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യില്‍ മമ്മൂട്ടി സുപ്രധാന കാമിയോ വേഷം അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മലയാള സിനിമയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘പ്രതികാരം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടും’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. അധോലോക നായകനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്. ഈ കഥാപാത്രത്തിന്റെ ഭൂതകാലത്തെ കുറിച്ചുള്ള അനാവരണത്തില്‍ ആയിരിക്കും പിതാവായി മമ്മൂട്ടി എത്തുക.
ജിനു വി എബ്രഹാം ആണ് കഥ. ജിനുവിനൊപ്പം സൂരജ് കുമാറും ചേര്‍ന്നാണ് നിര്‍മാണം. പോക്കിരിരാജയ്ക്കു ശേഷമാണ് വൈശാഖ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. മാത്രമല്ല പോക്കിരിരാജയിലും മമ്മൂട്ടി ഉണ്ടായിരുന്നു. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിങ് ചമന്‍ ചാക്കോ. വിദേശത്ത് അടക്കം സിനിമയുടെ ചിത്രീകരണം നടക്കാനിരിക്കുന്നു.
അതേസമയം ഉടന്‍ തിയറ്ററുകളിലെത്താനിരിക്കുന്ന മറ്റൊരു സിനിമയിലും മമ്മൂട്ടി കാമിയോ വേഷം ചെയ്യുന്നുണ്ട്. അദ്വൈത് നായര്‍ സംവിധാനം ചെയ്ത ‘ചത്താ പച്ച’യില്‍ ആണ് മമ്മൂട്ടിയുടെ ഉഗ്രന്‍ കാമിയോ വേഷം. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം മമ്മൂട്ടി കൂടി എത്തുമ്പോള്‍ ‘ചത്താ പച്ച’ പ്രേക്ഷകര്‍ കാത്തിരിക്കാനുള്ള കാരണമാകുന്നു.
















