ഹോളിവുഡിലെ മുൻ പവർ ദമ്പതികൾ തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിൽ. ബ്രാഡ് പിറ്റ് തന്റെ മുൻ ഭാര്യ ആഞ്ജലീന ജോളിക്കെതിരെ അവരുടെ സഹ ഉടമസ്ഥതയിലുള്ള ഒരു വൈനറിയിലെ ഓഹരി വിറ്റതിന് 35 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.
2021-ൽ ചാറ്റോ മിറാവലിലെ തന്റെ ഓഹരികൾ വിറ്റതുമായി ബന്ധപ്പെട്ട് ബ്രാഡ് പിറ്റിന്റെ നിയമസംഘം ആഞ്ജലീന ജോളിയുടെ ടീമുമായി നടത്തിയ ആശയവിനിമയങ്ങളുടെ തെളിവുകൾ ഉൾപ്പെടെയുള്ള പുതിയ രേഖകൾ കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
2022-ലാണ് ബ്രാഡ് പിറ്റ് ആദ്യമായി കേസ് ഫയൽ ചെയ്തത്. പരസ്പര സമ്മതത്തോടു കൂടിയേ വൈനറിയുടെ ഓഹരി വിൽക്കാൻ പാടുള്ളു എന്ന് കരാർ ഉണ്ടായിരുന്നു. എന്നാൽ തന്റെ മുൻ ഭാര്യ താനറിയാതെ വൈനറിയുടെ വിഹിതം വിറ്റു. കേസിന്റെ അടുത്ത വാദം കേൾക്കൽ ഡിസംബർ 17 ലേക്ക് മാറ്റി.
മാഡോക്സ്, പാക്സ്, സഹാറ, ഷിലോ, വിവിയൻ, നോക്സ് എന്നീ ആറ് മക്കളുള്ള ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും 12 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനും രണ്ട് വർഷത്തെ ദാമ്പത്യത്തിനും ശേഷം 2016 ൽ വേർപിരിഞ്ഞു. ഓസ്കാർ ജേതാക്കളായ അഭിനേതാക്കൾ 2024 ഡിസംബറിൽ വിവാഹമോചനം നേടി.
















