‘ഓപ്പറേഷന് സിന്ദൂര്‍’ ആസ്പദമാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് സംവിധായകന് മേജര്‍ രവി. മോഹന്‍ലാലും മേജര്‍ രവിയും സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി ഒന്നിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായകന് മോഹന്‍ലാല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഓപ്പറേഷന് സിന്ദൂര്‍ ആസ്പദമാക്കിയുള്ള ചിത്രമാണ് താന്‍ ചെയ്യാന്‍ പോകുന്നതെന്ന് മേജര്‍ രവി വെളിപ്പെടുത്തി.
രാജ്യത്തെ തോല്‍പ്പിച്ചതായി കാണിക്കാന്‍ ഇവിടെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കു തിടുക്കമായിരുന്നു. ഈ നാട്ടില്‍ ചില എരണംകെട്ട മാധ്യമപ്രവര്‍ത്തകരുണ്ട്. അവര്‍ക്കുള്ള മറുപടിയായിരിക്കും എന്റെ സിനിമ. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ചാണ് സിനിമ ചെയ്യാന്‍ പോകുന്നത്. ഉടന്‍ അതിന്റെ പ്രഖ്യാപനം ഉണ്ടാകും,’ മേജര്‍ രവി പറഞ്ഞു.
നല്ല മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ട്. അങ്ങനെ വളരെ ബോള്‍ഡ് ആയ ഒരു മാധ്യമപ്രവര്‍ത്തകയുടെ റോള്‍ ഭീമന്റെ വഴി എന്ന സിനിമയില്‍ അഭിനയിച്ച ചിന്നു ചാന്ദ്നിയെ കൊണ്ടാണ് ചെയ്യിപ്പിക്കാന്‍ പോകുന്നത്. റഫീഖ് അഹമ്മദിന്റെ കൂടെ രണ്ട്-മൂന്ന് ദിവസം ഒന്നിച്ചിരുന്ന് പാട്ട് എഴുതണമെന്നുണ്ട്. അതിന്റെ കാര്യങ്ങളെല്ലാം മുന്നോട്ടു നീക്കുകയാണെന്നും മേജര്‍ രവി പറഞ്ഞു.
മേജര്‍ രവിയുടെ തന്നെ കീര്‍ത്തിചക്രയില്‍ അടക്കം ക്യാമറ ചെയ്ത തിരുവിനൊപ്പം രവിയുടെ മകന് അര്ജുന് രവിയും ചേര്‍ന്നാകും ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. ബംഗ്ലന് ആയിരിക്കും ആര്‍ട്ട് ഡയറക്ടര്‍ എന്ന സൂചനയും മേജര്‍ രവി നല്കി. ആറ് വര്‍ഷം താന്‍ എവിടെയായിരുന്നു എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായിരിക്കും തന്റെ പുതിയ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരവും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ഈ ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. തെന്നിന്ത്യന്‍ നടന് ശരത് കുമാര്‍ ആയിരിക്കും മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുക.
















