Cinema Entertainment Homepage Featured

എന്തുകൊണ്ട് വിജയരാഘവന് പുരസ്‌കാരമില്ല? കാരണം വ്യക്തമാക്കി ജൂറിയും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്‍ വിജയരാഘവനെ ജൂറി തഴഞ്ഞതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മികച്ച സ്വഭാവ നടനായി പോലും വിജയരാഘവനെ പരിഗണിക്കാത്തതാണ് സിനിഫൈല്‍സിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്.

ജൂറിയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് മികച്ച സ്വഭാവനടന്‍ കാറ്റഗറിയിലാണ് വിജയരാഘവന്‍ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ കാറ്റഗറിയില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം), സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്) എന്നിവര്‍ പുരസ്‌കാര ജേതാക്കളായി.

വിജയരാഘവന്റെ കിഷ്‌കിന്ധാകാണ്ഡം മാത്രമാണ് അന്തിമ വിധിനിര്‍ണയ ജൂറിയുടെ പരിഗണനയിലേക്ക് എത്തിയത്. കിഷ്‌കിന്ധാകാണ്ഡത്തിലെ വിജയരാഘവന്റെ അഭിനയം മികച്ചതായിരുന്നെങ്കിലും അതിനെ മറികടക്കുന്ന പ്രകടനങ്ങളാണ് ഭ്രമയുഗത്തിലെ സിദ്ധാര്‍ത്ഥ് ഭരതന്റേതും മഞ്ഞുമ്മല്‍ ബോയ്‌സിലെ സൗബിന്‍ ഷാഹിറിന്റേതുമെന്ന് ജൂറി വിലയിരുത്തി.

അന്തിമ വിധി നിര്‍ണയ ജൂറി ചെയര്‍മാനായ പ്രകാശ് രാജ് ഇതേ കുറിച്ച് വ്യക്തത വരുത്തുകയും ചെയ്തു. ‘ വിജയരാഘവന്‍ വളരെ മികച്ച രീതിയില്‍ കിഷ്‌കിന്ധകാണ്ഡത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഭ്രമയുഗത്തിലെ സിദ്ധാര്‍ത്ഥ് ഭരതനും മഞ്ഞുമ്മല്‍ ബോയ്‌സിലെ സൗബിനും ലഭിച്ച കഥാപാത്രങ്ങള്‍ കുറച്ചുകൂടി വലുതായിരുന്നു, മാത്രമല്ല അവര്‍ ആ കഥാപാത്രങ്ങളെ വളരെ ഗംഭീരമായി പകര്‍ന്നാടി. ഞങ്ങള്‍ വിജയരാഘവന്റെ പ്രകടനത്തെ ചെറുതാക്കി കാണുന്നില്ല, പക്ഷേ സിദ്ധാര്‍ത്ഥും സൗബിനും അതിഗംഭീരമായിരുന്നു,’ പ്രകാശ് രാജ് പറഞ്ഞു.

Related Posts