Nelvin Gok
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തിയറ്ററുകളില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഭൂതകാലത്തിനു ശേഷം മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രമെന്നാണ് മിക്കവരുടെയും അഭിപ്രായം. അതിനോടൊപ്പം രാഹുല്‍ സദാശിവന്റെ മുന്‍ സിനിമകളെ പോലെ ‘ഡീയസ് ഈറേ’യിലെ ബ്രില്യന്‍സുകളും സിനിഫൈല്സിനിടയില് ചര്‍ച്ചയായിട്ടുണ്ട്.
രാഹുലിന്റെ മുന്‍ചിത്രങ്ങളായ ‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ സിനിമകളുമായി ‘ഡീയസ് ഈറേ’ ലിങ്ക് ചെയ്യുന്നതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഈ കണക്ഷന് ചില സീനുകളില്‍ വളരെ പ്രത്യക്ഷത്തില്‍ അറിയാമെങ്കിലും ചിലയിടത്ത് പരോക്ഷ സൂചനകളിലൂടെയാണ് പറഞ്ഞുവയ്ക്കുന്നത്. ഇതൊരു രാഹുല്‍ സദാശിവന് യൂണിവേഴ്സ് ആയിരിക്കുമോ എന്ന സംശയം ‘ഡീയസ് ഈറേ’ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ഉണ്ട്. (‘ഡീയസ് ഈറേ’ പ്രസക്ത ഭാഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതിനാല്‍ സിനിമ കാണാത്തവര്‍ക്കു തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഒഴിവാക്കാവുന്നതാണ്)
ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് ‘കൊടുമണ്‍ പോറ്റി’ എന്നാണ്. ചാത്തന് ആയ മമ്മൂട്ടി തന്നെ ആവാഹിക്കാന്‍ വരുന്ന കൊടുമണ്‍ പോറ്റിയുടെ ശരീരം സ്വീകരിക്കുകയാണ് ഭ്രമയുഗത്തില്‍. മന്ത്രവിദ്യകള് അറിയുന്ന കൊടുമണ്‍ പോറ്റി അവരുടെ കുലത്തിലെ അവസാന കണ്ണിയാണെന്ന് ഭ്രമയുഗത്തിലെ ചാത്തന് (മമ്മൂട്ടി) പറയുന്നുണ്ട്. ഈ കൊടുമണ്‍ പോറ്റിയെ ചാത്തന് ഇല്ലാതാക്കികൊണ്ടാണ് തുടര്‍ന്ന് ആ ശരീരം സ്വീകരിച്ചു ജീവിക്കുന്നത്.
ഭ്രമയഗുത്തിലെ കൊടുമണ്‍ പോറ്റിയുമായി ഡീയസ് ഈറേയിലെ ഒരു കഥാപാത്രത്തെ കൃത്യമായി ലിങ്ക് ചെയ്യുന്നുണ്ട്. ജിബിന്‍ ഗോപിനാഥ് അവതരിപ്പിച്ചിരിക്കുന്ന മധുസൂദനന് പോറ്റി. ഭ്രമയുഗത്തിലെ പോറ്റി കുടുംബത്തിലെ തായ് വഴിയില്‍ ഉള്‍പ്പെട്ടതാണ് ‘ഡീയസ് ഈറേ’യിലെ മധുവിന്റെ കുടുംബമെന്ന സൂചനയാണ് ലഭിക്കുന്നത്. കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്യുന്ന മധുവിനോടു അയാളുടെ അമ്മ തായ് വഴിയാല്‍ പകര്‍ന്നുകിട്ടിയ കഴിവിനെ കുറിച്ച് സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല ഇവരുടെ വീട്ടില്‍ മധുവിന്റെ അച്ഛന്റെ ഒരു ചിത്രം ഇരിക്കുന്നത് കാണിക്കുന്നുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ രൂപത്തോടു സദൃശ്യമുള്ള വ്യക്തിയായാണ് ഇയാളെ കാണിച്ചിരിക്കുന്നത്. ടെയ്ല് എന്‍ഡില്‍ ഇതേ പോറ്റി കുടുംബത്തെ കുറിച്ചുള്ള പരാമര്‍ശം സൈജു കുറുപ്പിന്റെ (കാമിയോ) കഥാപാത്രം നടത്തുന്നതും കേള്‍ക്കാം.
ടെയ്ല് എന്‍ഡില്‍ ഭൂതകാലത്തിലേക്കുള്ള ലിങ്കും ‘ഡീയസ് ഈറേ’ നല്കുന്നു. ഭൂതകാലത്തില്‍ സൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രം തന്നെയാണ് ‘ഡീയസ് ഈറേ’യുടെ ടെയ്ല് എന്‍ഡില്‍ കാണിച്ചിരിക്കുന്നത്. ‘എന്റെ പേര് ജോര്‍ജ്’ എന്ന് ഈ കഥാപാത്രം പറയുന്നതും കേള്‍ക്കാം. ഒരു അമ്മയും മകനും താമസിച്ചിരുന്ന വീടിനെ കുറിച്ച് സൈജു കുറുപ്പിന്റെ കഥാപാത്രം ജിബിന്‍ ഗോപിനാഥിന്റെ കഥാപാത്രത്തോടു സൂചിപ്പിക്കുന്നുണ്ട്. ഈ വീടിനു എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നും അവിടേക്ക് വരണമെന്നും ജോര്‍ജ് ആവശ്യപ്പെടുന്നു. താന്‍ വരാമെന്ന് മധു പറയുന്നുമുണ്ട്. ഭൂതകാലത്തില്‍ രേവതിയും ഷെയ്ന് നിഗവും താമസിച്ച വീടിനെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. മുന്‍ ചിത്രങ്ങളുമായി ഇത്തരത്തിലുള്ള ചില കണക്ഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രാഹുല്‍ സദാശിവന് ഡീയസ് ഈറേ അവസാനിപ്പിക്കുന്നത്.
















