ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം.
- ബേസില്‍ ജോസഫ് (പൊന്മാന്‍)
2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്‍’ സിനിമയിലെ ബേസില്‍ ജോസഫിന്റെ അജേഷ് പി.പി എന്ന കഥാപാത്രം. ജീവിതത്തോടു പൊരുതി ജീവിക്കുന്ന മധ്യവര്‍ഗ യുവാവായി ബേസില്‍ ഞെട്ടിച്ചു. കഥാപാത്രങ്ങളില്‍ ആവര്‍ത്തനം വരുന്നെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരുന്ന സമയത്താണ് അജേഷ് എന്ന കഥാപാത്രമായി ബേസില്‍ പ്രേക്ഷകരെ ഞെട്ടിച്ചതും വിമര്‍ശകരുടെ വായടപ്പിച്ചതും. വൈകാരിക രംഗങ്ങളിലെല്ലാം ബേസില്‍ മികവ് പുലര്‍ത്തി.
- സന്ദീപ് പ്രദീപ് (എക്കോ)
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’യില്‍ പിയൂസ് എന്ന കഥാപാത്രത്തെ വളരെ സൂക്ഷ്മമായാണ് സന്ദീപ് പ്രദീപ് അവതരിപ്പിച്ചത്. സിനിമയുടെ പ്ലോട്ടിനു അനുസരിച്ച് തന്റെ കഥാപാത്രത്തിന്റെ നിഗൂഢത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സന്ദീപ് നൂറ് ശതമാനം വിജയിച്ചു. ആലപ്പുഴ, ജിംഖാന, പടക്കളം എന്നീ സിനിമകളിലെ പ്രകടനങ്ങളും സന്ദീപിനെ 2025 ലെ താരമാക്കുന്നു.
- ദിലീഷ് പോത്തന്‍ (റോന്ത്)
വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ ‘റോന്ത്’ സിനിമയിലെ യോഹന്നാന്‍ എന്ന കഥാപാത്രമാണ് ദിലീഷ് പോത്തനെ 2025 ലെ മികച്ച പ്രകടനങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുന്നത്. ഒരു ഘട്ടത്തില്‍ വെറുപ്പും സിനിമ മുന്നോട്ടുപോകും തോറും എമ്പതിയും തോന്നുന്ന കഥാപാത്രം ദിലീഷ് പോത്തന്റെ കൈയില്‍ ഭദ്രമായിരുന്നു. വളരെ ചെറിയ ഭാവങ്ങളിലൂടെ പോലും കഥാപാത്രത്തോടു നീതി പുലര്‍ത്താന്‍ സാധിച്ചു.
- മോഹന്‍ലാല്‍ (തുടരും)
പെര്‍ഫോമര്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവ് കണ്ട വര്‍ഷമാണ് 2025. ‘തുടരും’ സിനിമയിലെ ബെന്‍സ് എന്ന കഥാപാത്രം മോഹന്‍ലാലിന്റെ വിന്റേജ് കാലത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ചിരിപ്പിച്ചും കരയിപ്പിച്ചും മോഹന്‍ലാല്‍ നിറഞ്ഞാടിയ സിനിമ. വൈകാരിക രംഗങ്ങളിലെല്ലാം ലാല്‍ മികച്ചുനിന്നു.
- മമ്മൂട്ടി (കളങ്കാവല്‍)
വില്ലനായി വീണ്ടും മമ്മൂട്ടി ഞെട്ടിച്ച ‘കളങ്കാവല്‍’. ‘കളങ്കാവലി’ന്റെ ആത്മാവ് മമ്മൂട്ടിയുടെ പെര്‍ഫോമന്‍സാണ്. ഇരകളോടു യാതൊരു എമ്പതിയുമില്ലാത്ത സൈക്കോ കില്ലറായി മമ്മൂട്ടി തന്റെ പ്രതിനായകരുടെ നരകത്തിലേക്ക് ഒരു ചെകുത്താനെ കൂടി മമ്മൂട്ടി തുറന്നുവിട്ട വര്‍ഷം. മുന്‍പ് ചെയ്ത വില്ലന്‍ വേഷങ്ങളില്‍ ഒന്നിന്റെ പോലും ആവര്‍ത്തനം വരാതിരിക്കാന്‍ അത്രയും സൂക്ഷ്മതയോടെയാണ് മമ്മൂട്ടി കളങ്കാവലിലെ സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തെ സമീപിച്ചത്. നടപ്പിലും ശരീരഭാഷയിലും വരെ സ്റ്റാന്‍ലി ദാസിനെ മമ്മൂട്ടി വേറിട്ടുനിര്‍ത്തി.
















