നടന് മോഹന്‍ലാലിനോടു ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാല്‍ ‘അമ്മ’യെന്നാകും ഉത്തരം. സ്‌ക്രീനില്‍ നിറഞ്ഞാടുന്ന മോഹന്‍ലാലിനെ പോലെയാണ് കുട്ടിയായ ലാലും. അതുകൊണ്ട് ആ മകനു ചുറ്റും ശാന്തകുമാരി വിശ്രമമില്ലാതെ ഓടിയിട്ടുണ്ടാകണം. അങ്ങനെ ഓടുന്ന അമ്മമാര്‍ക്കു കുസൃതിക്കാരായ മക്കളോടു ഇഷ്ടം കൂടുതലുണ്ടാകും.
ലാലിന്റെ കുസൃതിയെ കുറിച്ച് ശാന്തകുമാരി അമ്മ പലപ്പോഴും ചിരിച്ചുകൊണ്ട് തുറന്നുപറഞ്ഞിട്ടുണ്ട്. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് തുടങ്ങിയ സിനിമകളിലൊക്കെ കാണുന്നപോലെ തലകുത്തി മറിയുകയും ഓടിനടക്കുകയും ചെയ്യുന്ന കുസൃതിക്കാരനായിരുന്നു ചെറുപ്പത്തില്‍ ലാലെന്ന് ഒരു അഭിമുഖത്തിലാണ് ശാന്തകുമാരി പറഞ്ഞത്.
‘ ചാടും ഓടും ഒച്ചവയ്ക്കും മുറ്റത്തൊക്കെ ഇറങ്ങി ഓളിയിടും മരത്തിന്‍മേലൊക്കെ കയറും..വീട്ടില്‍ അങ്ങനെയാണ് ലാല്‍. സിനിമയിലൊക്കെ കാണുന്ന പോലെ..വളരെ കുഞ്ഞായിരുന്നപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി റോഡിലേക്കൊക്കെ ഓടി പോകുമായിരുന്നു. ഡ്രസൊക്കെ ഇഷ്ടമാണ്. മോതിരം ഭയങ്കര ഇഷ്ടമാണ്,’ ശാന്തകുമാരി പറയുന്നു.
പത്തനംതിട്ട സ്വദേശിനിയായ ശാന്തകുമാരി വിശ്വനാഥന്‍ നായരുമായുള്ള (മോഹന്‍ലാലിന്റെ അച്ഛന്‍) വിവാഹശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. രണ്ട് മക്കളാണ് ഇവര്‍ക്ക്. 24 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ലാലിന്റെ മൂത്ത സഹോദരന്‍ പ്യാരിലാല്‍ അന്തരിച്ചത്. ഈ മരണം ശാന്തകുമാരിയെ ഏറെ തളര്‍ത്തിയിരുന്നു. എത്ര സിനിമ തിരക്കുകള്‍ ഉണ്ടെങ്കിലും പ്രിയപ്പെട്ട അമ്മയെ കാണാന്‍ ലാല്‍ ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് ഓടിയെത്തുക പതിവായിരുന്നു.
















