മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ലുക്ക്മാന്‍ സുപ്രധാന വേഷത്തിലെത്തും. ആസിഫ് അലി ഈ സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആസിഫ് അലിക്ക് പകരമാണ് ലുക്ക്മാനെ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുക. മമ്മൂട്ടിക്കൊപ്പം നസ്ലന്‍, ജോജു ജോര്‍ജ് എന്നിവരുടെ പേരുകളാണ് ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നത്. കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം കൂടി ഈ പ്രൊജക്ടിന്റെ ഭാഗമായേക്കും.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് സിനിമയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും. 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ തമന്‍ ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സംഗീതം ഒരുക്കുക.
‘ഉണ്ട’യ്കു ശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കും. അതിനുശേഷം നിതീഷ് സഹദേവ് ചിത്രം ആരംഭിക്കും. നിതീഷ് ചിത്രം അവസാനിച്ച ശേഷമായിരിക്കും മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം ആരംഭിക്കുക.
















