2025 പൂര്‍ത്തിയാകുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മോഹന്‍ലാല്‍ ആണ്. ബോക്സ്ഓഫീസില്‍ മാത്രമല്ല പ്രകടനം കൊണ്ടും മോഹന്‍ലാല്‍ ഞെട്ടിച്ച വര്‍ഷമാണ് 2025.
മോഹന്‍ലാല്‍
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ആണ് 2025 ല്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവിനു തുടക്കം കുറിച്ചത്. വേള്‍ഡ് വൈഡായി എമ്പുരാന് 266 കോടി നേടി. ‘തുടരും’, ‘ഹൃദയപൂര്‍വ്വം’ എന്നീ ചിത്രങ്ങളിലൂടെ ബോക്സ്ഓഫീസില്‍ തനിക്ക് വട്ടംവയ്ക്കാന്‍ ആരുമില്ലെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. 228 കോടിയാണ് തുടരും വേള്‍ഡ് വൈഡായി നേടിയത്. കേരള ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 118 കോടി കളക്ട് ചെയ്യാനും തുടരുമിന് സാധിച്ചു. സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ‘ഹൃദയപൂര്‍വ്വം’ 76 കോടി നേടി ബോക്സ്ഓഫീസില്‍ വിജയമായി.
മമ്മൂട്ടി
മുന്‍ വര്‍ഷങ്ങളിലെ വിജയം ആവര്‍ത്തിക്കാന്‍ 2025 ല്‍ മമ്മൂട്ടിക്കു സാധിച്ചില്ല. ഈ വര്‍ഷം ആദ്യമെത്തിയ ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്’ മമ്മൂട്ടിയുടെ അഭിനയംകൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സ്ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കിയില്ല. വേള്‍ഡ് വൈഡായി 20 കോടിക്കടുത്ത് മാത്രമാണ് ചിത്രം കളക്ട് ചെയ്തത്. ഗെയിം ത്രില്ലര്‍ ഴോണറിലെത്തിയ ‘ബസൂക്ക’യും 27 കോടിയില്‍ ഒതുങ്ങി. 2025 അവസാനത്തോടെ എത്തിയ ‘കളങ്കാവല്‍’ വലിയ വിജയമായി. വേള്‍ഡ് വൈഡായി 85 കോടിക്കടുത്താണ് ചിത്രം നേടിയത്. കളങ്കാവലിലെ മമ്മൂട്ടിയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പൃഥ്വിരാജ്
പൃഥ്വിരാജ് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ‘എമ്പുരാന്’ ബോക്സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. 266 കോടിയാണ് ചിത്രം വേള്‍ഡ് വൈഡായി നേടിയത്. എന്നാല്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വിലായത്ത് ബുദ്ധ’ സാമ്പത്തികമായി പരാജയപ്പെട്ടു. വലിയ മുതല്‍മുടക്കില്‍ എത്തിയ ചിത്രം 10 കോടിക്ക് താഴെ മാത്രമാണ് ബോക്സ്ഓഫീസില്‍ നിന്ന് നേടിയത്.
ദിലീപ്
ദിലീപിന്റേതായി രണ്ട് സിനിമകള്‍ ഈ വര്‍ഷം റിലീസ് ചെയ്തു. പ്രിന്‍സ് ആന്റ് ഫാമിലി അത്ര വലിയ വിജയമായില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. അതേസമയം ക്രിസ്മസ് റിലീസ് ആയി എത്തിയ ‘ഭ.ഭ.ബ’ ബോക്സ്ഓഫീസില്‍ അത്ര വലിയ നേട്ടം സ്വന്തമാക്കിയിട്ടില്ല. ഏതാണ്ട് 40 കോടിക്കു മുകളിലാണ് ചിത്രം ഇതുവരെ ആഗോള ബോക്സ്ഓഫീസില്‍ നിന്ന് നേടിയത്. അത്രത്തോളം തന്നെ ചെലവും ഈ ചിത്രത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിവിന്‍ പോളി
ക്രിസ്മസ് റിലീസ് ആയെത്തിയ ‘സര്‍വ്വം മായ’ നിവിന്‍ പോളിയുടെ തിരിച്ചുവരവായി. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഉടന്‍ 50 കോടി ക്ലബില്‍ ഇടംപിടിക്കും. നിവിന്‍ പോളിയുടെ 100 കോടി ചിത്രമാകാന്‍ സര്‍വ്വം മായയ്ക്കു സാധിച്ചേക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ടൊവിനോ തോമസ്
ടൊവിനോയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ ‘ഐഡന്റിറ്റി’ 2025 ലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ ടൊവിനോ മികച്ച കഥാപാത്രമാണ് അവതിപ്പിച്ചത്. ‘നരിവേട്ട’ ഹിറ്റ് സ്റ്റാറ്റസ് നേടിയപ്പോള്‍ ടൊവിനോ കാമിയോ വേഷത്തിലെത്തിയ ‘ലോകഃ ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി.
















