കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി നിവിൻ പോളിയുടെ ‘സർവം മായ’. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിനൊപ്പം സിനിമാമേഖലയിൽ നിന്നും പടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനപ്രവാഹമാണ്. നനുത്ത കാറ്റ് പോലെ വന്ന് നമ്മുടെ ഹൃദയത്തിൽ തൊടുന്ന സിനിമയാണ് ‘സർവം മായ’ എന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. നിവിൻ പോളി എന്ന നടനിലെ സ്വഭാവിക അഭിനയവും നർമ്മം കൈകാര്യം ചെയ്യാനുള്ള അയാളിലെ അസാധ്യ പാടവവും സംവിധായകൻ കൃത്യമായി ഉപയോഗിച്ചുവെന്ന് അനുരാജ് പറയുന്നു.
‘അഖിൽ സത്യന്റെ പാച്ചുവും അത്ഭുതവിളക്കും ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്,ആ പ്രതീക്ഷയും കൂടെ ചേർത്താണ് സിനിമയ്ക്ക് ടിക്കറ്റ് എടുത്തത്. നിവിൻ-അജു കോമ്പിനേഷൻ സീനുകൾ സിനിമയുടെ രസച്ചരടിനെ മുറുക്കി.’-അനുരാജ് പറഞ്ഞു.
പ്രത്യേകമായി മലയാളസിനിമയിൽ ഒരു നായികാ കഥാപാത്രവും കൂടെ ചുവടുറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ തന്മയത്വത്തോടെ കാലങ്ങളായി നമുക്കിടയിലുള്ള ഒരു അഭിനേത്രിയെപ്പോലെ റിയ ഷിബു തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയെന്ന് അനുരാജ് പറഞ്ഞു. റിയയ്ക്ക് ഒരു മികച്ച സിനിമാ ഭാവിയുണ്ടെന്നും അനുരാജ് അഭിപ്രായപ്പെട്ടു. സംവിധായകരായ ദേവദത്ത് ഷാജി, ആനന്ദ് ഏകർഷി, നടന്മാരായ ബേസിൽ ജോസഫ്, അൽത്താഫ് സലിം തുടങ്ങിയവരും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തി. ക്രിസ്മസ് റിലീസായി എത്തിയ അഖിൽ സത്യൻ കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സർവം മായ.
















