‘ഉണ്ട’യ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം എത്തിയേക്കും. ചിയാന്‍ വിക്രം വില്ലനാകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേസമയം സൂപ്പര്‍താരം ആസിഫ് അലി, മമ്മൂട്ടി-ഖാലിദ് റഹ്മാന് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയേക്കും. അണിയറയിലും വമ്പന്‍ പേരുകളാണ് കേള്‍ക്കുന്നത്. തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധേയനായ തമന് ആയിരിക്കും ഈ ചിത്രത്തിന്റെ സംഗീതം.
‘മാര്‍ക്കോ’യിലൂടെ ശ്രദ്ധേയരായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് മമ്മൂട്ടി-ഖാലിദ് റഹ്മാന് ചിത്രം നിര്‍മിക്കുന്നത്. ഇതൊരു ഗ്യാങ്സ്റ്റര്‍ ഴോണറിലുള്ള ചിത്രമായിരിക്കും. ആക്ഷനും വയലന്‍സിനും പ്രാധാന്യം നല്‍കിയുള്ള രംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം.
‘കിങ് ഓഫ് കൊക്കൈന്‍’ എന്നറിയപ്പെടുന്ന പാബ്ലോ എസ്കോബാറായാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം. ഏറ്റവും സമ്പന്നനായ ലഹരി മാഫിയ തലവന്‍ എന്നാണ് എസ്കോബാര്‍ അറിയപ്പെടുന്നത്. കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ എസ്കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ടി’ലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിയിലെ അവസാന ഷെഡ്യൂളിനു ശേഷം മമ്മൂട്ടി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും. അതിനുശേഷമായിരിക്കും നിതീഷ് സഹദേവ് ചിത്രം ആരംഭിക്കുക. നിതീഷ് സഹദേവ് ചിത്രം പൂര്‍ത്തിയായ ശേഷം ഖാലിദ് റഹ്മാന് ചിത്രം ആരംഭിക്കാനാണ് തീരുമാനം.
















