ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നിങ്ങനെ സിനിമ മേഖലയില്‍ കൈവച്ച മേഖലകളിലെല്ലാം ശ്രീനി താരമായി. സിനിമയില്‍ ഊഷ്മളമായ ഒട്ടേറെ സൗഹൃദങ്ങളും ശ്രീനിവാസനു ഉണ്ടായിരുന്നു. തന്റെ രജിസ്റ്റര്‍ വിവാഹം നടക്കാന്‍ വേണ്ടി മമ്മൂട്ടിയും ഇന്നസെന്റും സാമ്പത്തികമായി സഹായിച്ച സംഭവം പഴയൊരു അഭിമുഖത്തില്‍ ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്.
വിമലയാണ് ശ്രീനിവാസന്റെ ജീവിതസഖി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന സമയം. രജിസ്റ്റര്‍ വിവാഹം നടത്താനുള്ള പണം പോലും ആ സമയത്ത് ശ്രീനിവാസന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ അടുത്ത സുഹൃത്തുക്കളായ ഇന്നസെന്റും മമ്മൂട്ടിയുമാണ് ശ്രീനിവാസനെ സഹായിക്കുന്നത്.
ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ഒരു കഥ ഒരു നുണക്കഥ’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. ഈ സിനിമയുടെ തിരക്കഥ ഇന്നസെന്റും ശ്രീനിവാസനും ചേര്‍ന്നായിരുന്നു. സിനിമ സാമ്പത്തികമായി ഞെരുക്കത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. രജിസ്റ്റര്‍ വിവാഹം നടത്താന്‍ പോകുകയാണെന്നും പറഞ്ഞ് ശ്രീനി ഇന്നസെന്റിനോടു യാത്ര പറഞ്ഞ് ഇറങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അറിയുന്നതുകൊണ്ട് ഇന്നസെന്റിനോടു പണം ചോദിക്കാനും മടി. എങ്കിലും വീട്ടിലേക്ക് പോകുമ്പോള്‍ ഇന്നസെന്റ് കുറച്ച് പണം ശ്രീനിവാസന്റെ കൈയില്‍ കൊടുത്തു. ‘പോയി കല്യാണം കഴിച്ചുവാ’ എന്ന് ഇന്നസെന്റ് പറഞ്ഞു. കൈയില്‍ പണമൊന്നും ഇല്ലായിരുന്നല്ലോ എന്ന് ശ്രീനി ഇന്നസെന്റിനോട് ചോദിച്ചു. ഭാര്യ ആലീസിന്റെ രണ്ട് വള വിറ്റുകിട്ടിയ കാശാണ് ഇതെന്നും കല്യാണം ഭംഗിയായി നടക്കട്ടെയെന്നും ഇന്നസെന്റ് തന്നോട് പറയുകയായിരുന്നെന്ന് ശ്രീനിവാസന് ഓര്‍ക്കുന്നു.
രജിസ്റ്റര്‍ വിവാഹം ആണെങ്കിലും സ്വര്‍ണം കൊണ്ടുള്ള താലി വേണമെന്ന നിര്‍ബന്ധം തന്റെ അമ്മയ്ക്കുണ്ടായിരുന്നെന്ന് ശ്രീനി പറയുന്നു. സ്വര്‍ണ താലി വാങ്ങാനുള്ള കാശ് സംഘടിപ്പിക്കാന്‍ ശ്രീനി പരക്കംപാഞ്ഞു. ആ ഓട്ടം അവസാനം എത്തിയത് മമ്മൂട്ടിയുടെ അടുത്താണ്. കണ്ണൂരില്‍ അതിരാത്രം സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. തന്റെ കല്യാണമാണെന്നും രണ്ടായിരം രൂപയുടെ ആവശ്യമുണ്ടെന്നും ശ്രീനിവാസന് മമ്മൂട്ടിയോട് പറഞ്ഞു. സ്വര്‍ണത്തിന്റെ താലി കെട്ടണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണെന്ന കാര്യവും ശ്രീനിവാസന് മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി ശ്രീനിവാസന് പണം നല്കി സഹായിച്ചു. ഇന്നസെന്റും മമ്മൂട്ടിയും സഹായിച്ചാണ് തന്റെ വിവാഹം അന്ന് ഭംഗിയായി നടന്നതെന്ന് ശ്രീനിവാസന് പറയുന്നു.
















