മമ്മൂട്ടി – മോഹന്‍ലാല്‍ – മഹേഷ് നാരായണന്‍ ചിത്രം അവസാനഘട്ടത്തിലേക്ക്. ഏപ്രിലില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളുടെ ചിത്രീകരണം അടക്കം നടക്കുന്നുണ്ട്.
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി ഏതാനും ദിവസം വിശ്രമത്തിലായിരിക്കും. അതിനുശേഷം വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന പ്രൊജക്ടിന്റെ ഭാഗമാകും. മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.
മതിലുകള്‍, വിധേയന്‍, അനന്തരം എന്നീ ചിത്രങ്ങളിലാണ് നേരത്തെ മമ്മൂട്ടിയും അടൂരും ഒന്നിച്ചിരിക്കുന്നത്. അടൂര്‍ സിനിമകളിലൂടെ മമ്മൂട്ടിക്ക് രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുമുണ്ട്. എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായാകും മമ്മൂട്ടി-അടൂര്‍ സിനിമയുടെ ചിത്രീകരണം. തകഴിയുടെ ‘രണ്ടിടങ്ങഴി’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘രണ്ടിടങ്ങഴി’ സിനിമയാക്കാന്‍ മമ്മൂട്ടിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
അടൂര്‍ ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുക. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ‘ഫാലിമി’ക്കു ശേഷം നിതീഷ് ഒരുക്കുന്ന ഈ ചിത്രം ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ളതാണ്. മമ്മൂട്ടി കമ്പനിയായിരിക്കും ഈ ചിത്രത്തിന്റെയും നിര്‍മാണം.
അടുത്ത വര്‍ഷം മമ്മൂട്ടി അഭിനയിക്കുന്ന മറ്റൊരു പ്രധാന പ്രൊജക്ട് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഹനീഫ് അദേനി ചിത്രമാണ്. ഇതൊരു ആക്ഷന്‍ ത്രില്ലറായിരിക്കും. ദി ഗ്രേറ്റ് ഫാദറിനു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മാര്‍ക്കോ’ ആണ് ഹനീഫിന്റെ അവസാന ചിത്രം.
















