മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമയാകും കളങ്കാവല്‍ എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടക്കാന്‍ സാധ്യത കുറവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസ് ചെയ്തു പത്ത് ദിവസം കൊണ്ട് കളങ്കാവല്‍ 75 കോടി കടന്നിരുന്നു. ഇന്ന് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കളങ്കാവലിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടിയിലേക്ക് അടുക്കുകയാണ്. എന്നാല്‍ നൂറ് കോടി എന്ന മാന്ത്രികസംഖ്യയിലേക്ക് ഇനിയും 20 കോടിയിലേറെ വേണം. അത് സാധ്യമാകില്ലെന്നാണ് ഇപ്പോഴത്തെ ബോക്‌സ്ഓഫീസ് പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
കളങ്കാവലിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 33 കോടി കടന്നു. റിലീസിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ചയായ ഇന്നലെ മുതല്‍ ചിത്രത്തിന്റെ കളക്ഷനിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്നലെ ഒരു കോടിക്ക് താഴെയാണ് കളങ്കാവലിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷമുള്ള രണ്ടാം ശനിയാഴ്ച 2.10 കോടിയും രണ്ടാം ഞായറാഴ്ച 2.15 കോടിയും കളങ്കാവല്‍ നേടിയിരുന്നു. അവധി ദിനങ്ങള്‍ ആയതിനാല്‍ മൂന്ന് കോടിക്കു മുകളിലെങ്കിലും ഇന്ത്യ നെറ്റ് കളക്ഷന്‍ പ്രതീക്ഷിച്ചിടത്താണ് ഈ കുറവ്.
കളങ്കാവലിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 100 കോടിയിലേക്ക് എത്താത്തതിനു പ്രധാന കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് റിലീസ് ഡേറ്റാണ്. നവംബര്‍ 27 നാണ് ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. നവംബര്‍ 27 നായിരുന്നെങ്കില്‍ ഒരാഴ്ച കൂടി സോളോ റിലീസ് ലഭിക്കുകയും കളക്ഷന്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്‌തേനെ എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം കളങ്കാവല്‍ ഇനിയും ബോക്‌സ്ഓഫീസില്‍ മുന്നേറമെങ്കില്‍ അത് വരാനിരിക്കുന്ന മലയാളം റിലീസുകളുടെ പ്രകടനം അനുസരിച്ചിരിക്കും. ഡിസംബര്‍ 18 ന് ദിലീപും മോഹന്‍ലാലും ഒന്നിച്ച ‘ഭ.ഭ.ബ’ തിയറ്ററുകളിലെത്തുന്നുണ്ട്. ഡിസംബര്‍ 25 ന് നിവിന്‍ പോളി ചിത്രം സര്‍വ്വം മായയും റിലീസ് ചെയ്യും. ഈ രണ്ട് സിനിമകള്‍ മികച്ച അഭിപ്രായം നേടിയാല്‍ കളങ്കാവലിന്റെ ബോക്‌സ്ഓഫീസ് പ്രകടനത്തിനും തിരശീല വീഴാനാണ് സാധ്യത.
















