മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. റിലീസ് ചെയ്തു നാലാം ദിനം ചിത്രം 50 കോടി ക്ലബില്‍ കയറി. ഇന്നത്തോടെ ‘കളങ്കാവലി’ന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 60 കോടി കടക്കും.
റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ ബോക്‌സ്ഓഫീസില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ കളങ്കാവലിനു സാധിച്ചു. ഇന്നലെ മാത്രം മൂന്ന് കോടിയിലേറെയാണ് കളങ്കാവലിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ നാല് ദിനം കൊണ്ട് 20 കോടി കടന്നു മുന്നേറുകയാണ്. കേരളത്തിനു പുറത്ത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കളങ്കാവലിനു മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.
റിലീസ് ചെയ്തു ആദ്യ രണ്ട് ദിവസം കൊണ്ട് വേള്‍ഡ് വൈഡായി 31.5 കോടി കളക്ട് ചെയ്യാന്‍ കളങ്കാവലിനു സാധിച്ചിരുന്നു. മൂന്നാം ദിവസത്തേക്ക് എത്തിയപ്പോള്‍ അത് 44 കോടിയിലേക്ക് എത്തി. റിലീസിനു ശേഷമുള്ള ആദ്യ ചൊവ്വാഴ്ചയായ ഇന്നും കളങ്കാവല്‍ മൂന്ന് കോടിയിലേറെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാനാണ് സാധ്യത.
ഒന്നാം ദിനം അഞ്ച് കോടിയായിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് 5.5 കോടിയും മൂന്നാം ദിനമായ ഞായറാഴ്ച ആറ് കോടിയുമായി അത് ഉയര്‍ന്നു.
വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ അതിവേഗം 50 കോടി കയറുന്ന മമ്മൂട്ടി ചിത്രമായി കളങ്കാവല്‍ മാറിയിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് അതിവേഗം 50 കോടിയിലെത്തിയ ആറാമത്തെ ചിത്രമെന്ന നേട്ടവും കളങ്കാവല്‍ സ്വന്തമാക്കി. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന കളങ്കാവലില്‍ മമ്മൂട്ടിയുടേത് വില്ലന്‍ വേഷമാണ്.
അതേസമയം കളങ്കാവലിന്റെ ഒടിടി റിലീസ് എപ്പോള്‍ ആയിരിക്കുമെന്ന കാര്യത്തിലും വ്യക്തത വരികയാണ്. ജനുവരി അവസാനത്തോടെ ആയിരിക്കും കളങ്കാവല്‍ ഒടിടിയില്‍ എത്തുക. സോണി ലിവ് ആണ് കളങ്കാവലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് 25 കോടിയിലേറെ ചെലവഴിച്ചാണ് കളങ്കാവല്‍ നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമ കൂടിയാണിത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമാകുമോ കളങ്കാവല്‍ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
















