Cinema Entertainment Features Homepage Featured

ഓര്‍മകള്‍ തിരിച്ചുപിടിക്കാന്‍ മറവിരോഗത്തോടു പോരടിക്കുന്ന ഭാനുപ്രിയ

മ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച ഭാനുപ്രിയ ഇപ്പോള്‍ മറവിരോഗത്തോടു മല്ലടിക്കുകയാണ്. നൃത്തചുവടുകളില്‍ സംശയങ്ങളില്ലാത്ത അതുല്യ കലാകാരിക്ക് ഇപ്പോള്‍ കൂട്ടിനുള്ളത് ചിതറികിടക്കുന്ന ഓര്‍മകള്‍ മാത്രമാണ്. ഒന്നിനുമൊരു തെളിച്ചമില്ല, കടന്നുപോയ വഴികളെ ഓര്‍ത്തെടുക്കാന്‍ പാടുപെടുന്നു.

1992 ല്‍ മോഹന്‍ലാല്‍ ചിത്രം ‘രാജശില്‍പി’യിലൂടെയാണ് ഭാനുപ്രിയ മലയാളത്തിലെത്തുന്നത്. തെലുങ്ക് വംശജയെങ്കിലും ആദ്യസിനിമ കൊണ്ട് തന്നെ ഭാനുപ്രിയ മലയാളികള്‍ക്കു പ്രിയങ്കരിയായി. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടികൃഷ്ണനെ സ്‌നേഹിക്കുന്ന അനുരാധയായി ‘അഴകിയ രാവണനില്‍’ എത്തിയപ്പോള്‍ മലയാളികള്‍ ഭാനുപ്രിയയെ പ്രണയിക്കാന്‍ തുടങ്ങി.

1998 ല്‍ ഡിജിറ്റല്‍ ഗ്രാഫിക് എന്‍ജിനീയറായ ആദര്‍ശ് കൗശലിനെ ഭാനുപ്രിയ വിവാഹം കഴിച്ചു. വിവാഹശേഷം താമസം ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലേക്കു മാറ്റി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും തനിക്കു ഏറെ പ്രിയപ്പെട്ട നൃത്തം ഭാനുപ്രിയ തുടര്‍ന്നു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയ എന്നൊരു മകളും ജനിച്ചു. കുടുംബ ജീവിതത്തിലെ താളപ്പിഴകളെ തുടര്‍ന്നു ആദര്‍ശുമായുള്ള ബന്ധം ഭാനുപ്രിയ 2005 ല്‍ അവസാനിപ്പിക്കുന്നു. നിയമപരമായി വേര്‍പിരിഞ്ഞില്ലെങ്കിലും ഇരുവരും അകന്ന് ജീവിക്കാന്‍ തീരുമാനിച്ചു. അതോടെയാണ് താരം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. മകള്‍ക്കൊപ്പം ചെന്നൈയില്‍ താമസമാക്കിയ ഭാനുപ്രിയ അഭിനയരംഗത്തേക്കും മടങ്ങിവന്നു.

മുന്‍ ഭര്‍ത്താവിന്റെ മരണത്തിനു ശേഷമാണ് ഭാനുപ്രിയയില്‍ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 2018 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആര്‍ശിന്റെ മരണം. ആദര്‍ശിനെ അവസാനമായി കാണാന്‍ ഭാനുപ്രിയ യുഎസിലേക്ക് പോയിരുന്നു. ഓര്‍മ നഷ്ടപ്പെടുന്നതായി തനിക്കു തോന്നിതുടങ്ങിയെന്ന് രണ്ട് വര്‍ഷം മുന്‍പുള്ള ഒരു അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞിട്ടുണ്ട്.

‘ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് മാനസികമായും ശാരീരികമായും അത്ര സുഖം തോന്നുന്നില്ല. ഓര്‍മകള്‍ നഷ്ടപ്പെടുന്നു. ഞാന്‍ ഉത്സാഹത്തോടെ പഠിച്ച കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍മയില്ല. നൃത്തത്തില്‍ താല്‍പര്യം തോന്നുന്നില്ല. വീട്ടില്‍ പോലും ഞാനിപ്പോള്‍ നൃത്തം പരിശീലിക്കുന്നില്ല,’ ഭാനുപ്രിയയുടെ വാക്കുകള്‍ വലിയ വേദനയോടെയാണ് സിനിമാലോകം കേട്ടത്.

ആദര്‍ശിന്റെ മരണം സംഭവിച്ചിട്ട് വര്‍ഷം ഏഴ് കഴിഞ്ഞു. ഇപ്പോഴും മറവിരോഗത്തോടു മല്ലടിക്കുകയാണ് ഭാനുപ്രിയ. സ്വന്തം പേരുപോലും ഓര്‍മിച്ചെടുക്കാന്‍ താരം പാടുപെടുന്നത് ആളുകള്‍ ഞെട്ടലോടെ കണ്ടു. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ താന്‍ പഠിച്ചുവെച്ച സംഭാഷണങ്ങള്‍ മറന്നുപോകുന്നതായി ഭാനുപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയ്ക്കും നൃത്തത്തിനും പുറമെ നിത്യജീവിതത്തില്‍ കണ്ട, ഇടപെട്ട ആളുകളെ പോലും മറന്നുപോകുന്ന ദാരുണമായ അവസ്ഥ. കാലക്രമേണ ഈ മറവിരോഗം ഭാനുപ്രിയയുടെ ജീവിതത്തെ മാറ്റിമറിച്ചു. 58 കാരിയായ ഭാനുപ്രിയ അമ്മയ്ക്കും സഹോദരനും സഹോദരിക്കും ഒപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. സിനിമയിലും നൃത്തത്തിലും സജീവമല്ല. ഓര്‍മകള്‍ തിരിച്ചുപിടിക്കാന്‍ പൊരുതുന്ന പ്രിയപ്പെട്ട നടിയെ മലയാളികള്‍ ഓര്‍ക്കാതിരിക്കില്ല. കാരണം സിനിമയിലൂടെയും നൃത്തത്തിലൂടെയും അത്രത്തോളം സുന്ദരമായ ഓര്‍മകള്‍ നല്‍കിയ കലാകാരിയല്ലേ അവര്‍..!

Related Posts