Cinema Entertainment Homepage Featured News

21 നായികമാര്‍, പ്രതിനായകന്‍ മമ്മൂട്ടി; രഹസ്യങ്ങള്‍ പൊട്ടിച്ച് പ്രി റിലീസ് ഇവന്റ്

റെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു ‘കളങ്കാവല്‍’ സിനിമയുടെ ഇതുവരെയുള്ള ഓരോ അപ്‌ഡേറ്റുകളും. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രി റിലീസ് ഇവന്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരുപാട് സസ്‌പെന്‍സുകളുടെ ചുരുളഴിക്കുന്നതായിരുന്നു. അതില്‍ പലതും വെളിപ്പെടുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെ !

മമ്മൂട്ടി, വിനായകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരുടെ കഥാപാത്രങ്ങളെ മാത്രമേ കളങ്കാവല്‍ ടീം നേരത്തെ റിവീല്‍ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രി റിലീസ് ഇവന്റില്‍ ചിത്രത്തിലെ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചവര്‍ വരെ പങ്കെടുത്തു. അസീസ് നെടുമങ്ങാട്, കുഞ്ചന്‍, ഗായത്രി അരുണ്‍, ധന്യ അനന്യ തുടങ്ങി വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്.

21 നടിമാരാണ് കളങ്കാവലിലുള്ളത്. ഇതില്‍ 19 പേരും പ്രി റിലീസ് ഇവന്റില്‍ പങ്കെടുത്തു. രജിഷ വിജയന്‍, മീര ജാസ്മിന്‍ എന്നിവരാണ് പ്രി റിലീസ് ഇവന്റില്‍ പങ്കെടുക്കാത്തവര്‍.

തന്റെ കഥാപാത്രത്തെ കുറിച്ചും മമ്മൂട്ടി ഒരുപാട് കാര്യങ്ങള്‍ റിവീല്‍ ചെയ്തു. താന്‍ നായകനല്ല പ്രതിനായകനാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. വിനായകന്‍ ആണ് നായകന്‍. ഞാന്‍ പ്രതിനായകനാണ്. ആദ്യം എനിക്ക് വന്നത് വിനായകന്‍ ചെയ്ത പൊലീസ് വേഷമാണ് അത് എന്നെക്കാള്‍ നന്നായി വിനായകന്‍ ചെയ്യുമെന്ന് തോന്നിയതുകൊണ്ട് മറ്റേ കഥാപാത്രം താന്‍ തിരഞ്ഞെടുക്കുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു.

‘ ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ ഇഷ്ടപ്പെടാനോ, എന്നോടൊപ്പം നിക്കാനോ സാധിക്കില്ല. പക്ഷെ പടം കണ്ടിറങ്ങുമ്പോള്‍ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല. ഈ സിനിമയിലെ നായകന്‍ വിനായകന്‍ ആണ്. ഞാനും നായകന്‍ ആണ് പക്ഷെ പ്രതിനായകന്‍ ആണ്,’ മമ്മൂട്ടി പറഞ്ഞു.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന കളങ്കാവല്‍ ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തുക. മമ്മൂട്ടി കമ്പനി നിര്‍മിച്ച ഏഴാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ആണ് വിതരണം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചു.

Related Posts