Entertainment Homepage Featured Interviews

നാട്ടുകാർ ഭാവനയിൽ കരുതുന്ന പോലെ ഒരു ജീവിതമല്ല ഞങ്ങളുടേത്; മനസ് തുറന്ന് വിജയ്‍യും രഞ്ജിനിയും രാകേഷും 

കൊച്ചി: സംഗീത രാജാക്കന്മാരായിരുന്ന യേശുദാസിന്റെയും ബ്രഹ്മാനന്ദന്റെയും പാട്ടുകൾ കാലഭേദമന്യേ പാടിക്കൊണ്ടേയിരിക്കും. തലമുറകൾ മാറി മറിഞ്ഞപ്പോൾ യേശുദാസിന്റെ മകൻ വിജയ് യേശുദാസും ബ്രഹ്മാനന്ദന്റെ മകൻ രാകേഷും ഈ ഓണത്തിന് വീണ്ടും ഒരുമിച്ചെത്തുന്നു. ഓണം ക്ലബ് എന്ന മ്യൂസിക് ആൽബത്തിലൂടെ. ഒപ്പം ഗായിക രഞ്ജിനി ജോസും. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടർച്ചയാണ് ഓണം ക്ലബ് എന്ന മ്യൂസിക് ആൽബമെന്ന് വിജയ് യേശുദാസ്. യെസ് 27ന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് മൂവരും.

സൗഹൃദത്തിന്റെ തുടർച്ച

ഞങ്ങളുടെ സൗഹൃദത്തിന്റെ തുടർച്ചയാണ് ഓണം ക്ലബ് എന്ന മ്യൂസിക് ആൽബം. വിജയ് യേശുദാസ് പറഞ്ഞു തുടങ്ങി. ഞങ്ങൾ മൂന്നു പേരും മാത്രമായി ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. അതിൽ തുടങ്ങിയ ചർച്ചയാണ് ഓണം ക്ലബ് ആയി പുറത്തു വന്നത്. പണ്ട് അച്ഛന്റെ ഓണപ്പാട്ടുകൾ ആയിരുന്നു അക്കാലം നിറച്ചിരുന്നു. ‘അമ്മ തന്നെയാണ് അച്ഛന്റെ വല്യ ഫാൻ.  ശരിക്കും  അമ്മ അച്ഛന്റെ  ഒരു ക്രേസി ഫാൻ ഗേൾ ആണ്. അപ്പയുടെ സ്റ്റാർ വാല്യൂ ഒക്കെ ചെറുപ്പത്തിൽ ഞങ്ങൾക്കറിയില്ലായിരുന്നു. അവർ അങ്ങനൊന്നും പറഞ്ഞു തന്നല്ല വളർത്തിയത്. പിന്നീട് അമേരിക്കയിൽ എത്തിയപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്. 

പഴമയിലെ കൗതുകം

അപ്പ ആദ്യകാലത്തു നേരിടേണ്ടി വന്ന പ്രശ്നങ്ങൾ എനിക്ക് വന്നിട്ടില്ല. എന്നാൽ മറ്റു തരത്തിലുള്ള പ്രശ്നങ്ങൾ എനിക്കുമുണ്ടായിരുന്നു. ടെക്‌നോളജി ഒട്ടും  ഡെവലപ്പ് അല്ലാതിരുന്ന ഒരു കാലത്തു അന്നത്തെ ലെജന്ഡ്സ് ചെയ്തു വെച്ച പാട്ടുകൾ ഇന്നും ഒരു രക്ഷയുമില്ല. അപ്പ പറഞ്ഞു കേട്ടിട്ടുണ്ട് ഒരു ദിവസം ഇരുപതു റെക്കോർഡിങ്‌സ് ഒക്കെ ഉണ്ടായിരുന്നത്രെ. ഇന്ന്  നല്ല ടെക്‌നീഷ്യൻസ് ഇല്ല എന്നല്ല, പരിമിതമായ സാഹചര്യത്തിൽ അന്ന് അവരുണ്ടാക്കിയ പാട്ടുകൾ എത്ര മനോഹരമായിരുന്നു എന്നുള്ളതാണ്.

നദി എന്ന ആൽബം. ദക്ഷിണാമൂർത്തി സാറിന്റെ മ്യൂസിക് ആയിരുന്നു. എന്നെയാണ് ട്രാക് പാടാൻ വിട്ടത്. എത്ര മനോഹരമായാണ് ദക്ഷിണാമൂർത്തി സാർ ടീമിനെ അടുക്കിയിരുത്തുന്നത്. തബല, വയലിൻ, കീബോർഡ് അങ്ങനെ…അങ്ങനെ. ഇന്ന് കാലം മാറി. നമുക്ക് നഷ്ടമായത് അത്തരം മനോഹര കാഴ്ചകളാണ്.

ഗോസിപ്പുകൾ പലവിധം

പാട്ടുകൾക്കൊപ്പം താൻ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ഗോസിപ്പുകളെക്കുറിച്ചും രഞ്ജിനി പങ്കു വെച്ചു. വിജു എന്റെ ബാല്യകാല സുഹൃത്താണ്. രാകേഷ് എനിക്ക് സഹോദരനാണ്. നാട്ടുകാർ ഭാവനയിൽ കരുതുന്ന പോലെ ഒരു ജീവിതമല്ല ഞങ്ങളുടേത്. ഇത് മനസിലാക്കാതെ പ്രതികരിക്കുന്ന ആളുകളെ ഞങ്ങൾ മൈൻഡ് ചെയ്യാറില്ല. പക്ഷെ എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല. നമ്മളൊക്കെ മനുഷ്യരാണ്. നമുക്കെല്ലാം ജീവിതമുണ്ട്.

ഫേസ്‌ബുക്കിലാണ് ഏറ്റവും കൂടുതൽ മോശം വാർത്തകൾ വരാറ്. ഇൻസ്റ്റയിൽ അത്രത്തോളം കണ്ടിട്ടില്ല. കഴിഞ്ഞയിടെ എന്റെ പടം മോർഫ് ചെയ്തു വളെരെ വൾഗറായി എഫ് ബിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പൊ അതൊന്നും മൈൻഡ് ആക്കില്ല. അതിന്റെ ഒക്കെ പുറകെ പോയാൽ നമുക്ക് പ്രൊഫഷൻ നോക്കാൻ പറ്റില്ല. കാലം രഞ്ജിനിയെന്ന ഗായികയെ ഒരുപാടി ബോൾഡ് ആക്കി മാറ്റി.

ചെന്നൈയിലുള്ളപ്പോൾ ഞാൻ ഏറ്റവും കേട്ടിട്ടിരിക്കുന്നതു വെസ്റ്റേൺ പാട്ടുകൾ ആയിരുന്നു. നാദിർഷിക്കയുടെ കൂടെ രണ്ടരക്കൊല്ലത്തോളം ചാനലിൽ ഒരു ഷോ ചെയ്തു. അക്കാലത്താണ് പഴയപാട്ടുകൾ ധാരാളം കേട്ട് തുടങ്ങിയത്. ഒറ്റക്കുട്ടി ആയതിനാൽ ചെറുപ്പം മുതലേ പാട്ടു കേൾക്കുക എന്നതായിരുന്നു ഹോബി. ഭാഷ ഒരു ഘടകമേ ആയിരുന്നില്ല. ദക്ഷിണാമൂർത്തി സാറിന്റെ താരകരൂപിണി പാടിയാണ് രാകേഷ് പാട്ടോർമകൾ പങ്കുവെച്ചത്. സൗഹൃദം തന്നെയാണ് എനിക്ക് പാട്ട്. ഞങ്ങൾ മൂന്നുപേരും പാടി അഭിനയിച്ച ആൽബം ആളാണ് ഓണം ക്ലബ്. ഈ ഓണക്കാലത്തേക്കു ഞങ്ങളുടെ സമ്മാനം.

Related Posts