Entertainment TV/OTT

കളി തിരിക്കുമോ വൈൽഡ് കാർഡ് എൻട്രികൾ? ബി​ഗ് ബോസിന്റെ ഈ നീക്കം ചരിത്രത്തിലാദ്യം

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സീസണിൽ അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ ഒന്നിച്ച് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം 7ന്റെ ശനിയാഴ്ച നടന്ന എപ്പിസോഡിൽ 5 പുതിയ മത്സരാർത്ഥികൾ ഷോയുടെ ഭാഗമായി ചേർന്നു. ഇതുവരെയുള്ള ഗെയിമിന്റെ ആകെ താളം തെറ്റിക്കുന്നതാകും പുതിയ മത്സരാർത്ഥികളുടെ കടന്നുവരവെന്ന് വിലയിരുത്തപ്പെടുന്നു. ഷോ അഞ്ചാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴാണ് പുതിയ എൻട്രികൾ. സാധാരണ എല്ലാ സീസണിൽ നിന്നും വ്യത്യസ്തമായാണ് ഈ സീസണിലെ വൈൽ‍ഡ് കാർഡുകൾ.

സമൂഹ മാധ്യമങ്ങളിലും വിനോദ രംഗത്തും സജീവമായി നിൽക്കുന്നവർ തന്നെയാണ് വൈൽഡ് കാർഡ് എൻട്രികളിൽ കൂടുതലും. അവതാരിക മസ്താനി, അഭിനേതാവായ ജിഷിൻ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ പ്രവീൺ, ആർക്കിടെക്റ്റും മാർക്കറ്റിം​ഗ് വിദഗ്ധയുമായിട്ടുള്ള വേ​ദ് ലക്ഷ്മി, കോണ്ടന്റ് ക്രീയറ്റർ ആകാശ് സാബു എന്നിവരാണ് ബിഗ് ബോസ് മലയാളം 7ലെ പുതിയ മത്സരാർത്ഥികൾ. ഇതുവരെയുള്ള മത്സരവും മറ്റ് മത്സരാർത്ഥികളുടെ തന്ത്രങ്ങളും മനസ്സിലാക്കിയ ശേഷമാണ് ഇവർ ഷോയുടെ ഭാഗമാകുന്നത്. ഇതോടെ നിലവിലുള്ള മത്സരാർത്ഥികളുടെ എണ്ണം 21 ആയി.

ഇത്തവണത്തെ വൈൽഡ് കാർഡ് എൻട്രികളിൽ ഏറ്റവും ശ്രദ്ധേയം മസ്താനി എന്ന അൻവർ സുൽത്താനയുടേതാണ്. സെലിബ്രറ്റി ഇന്റർവ്യൂവറും, മോഡലും, അഭിനത്രിയുമാണ് മസ്താനി. ആളുകൾക്കിടയിൽ മസ്താനി എറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചിട്ടുള്ളത് വൈറൽ സെലിബ്രട്ടി അഭിമൂഖങ്ങളിലൂടെയാണ്. വൈൽ‍ഡ് കാർഡായി വീടിനകത്തേക്ക് വന്ന മസ്താനി മത്സരാർഥികൾക്കിടയിലെ ചർച്ചാ വിഷയമായിരിക്കുകയാണ്. രേണു സുധി എന്ന മത്സരാർഥി ബി​ഗ്ബോസിൽ വിധവ കാർഡ് ഇറക്കിയാണ് മത്സരിക്കുന്നത് എന്ന ആരോപണവുമാണ് മസ്താനി ഉന്നയിച്ചിരിക്കുന്നത്.

നിലവിലെ കോമണർ മത്സരാർത്ഥിയായ അനീഷിനു ശേഷം ബി​ഗ്ബോസിലെത്തുന്ന അടുത്ത മത്സരാർഥിയാണ് പ്രവീൺ പി. ‘ദി മാർക്കറ്റിം​ഗ് മല്ലു’ എന്ന ഇൻസ്റ്റ​ഗ്രാം ഐഡി, സാമ്പത്തികവും തൊഴിൽപരവുമായ വീഡിയോകളാണ് കണ്ടന്റ്. ഇൻസ്റ്റഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സും, 5800ലധികം യുട്യൂബ് സബ്സ്ക്രൈബേഴ്സുമാണുള്ളത്. കോമണറായതു കൊണ്ടുതന്നെ വീടിനുള്ളിൽ അധികം പരിചിതമല്ലാത്ത മുഖമാണ്.

ഡാൻസറും, കോണ്ടന്റ് ക്രിയേറ്ററും, ഫുഡ് വ്ലാ​ഗറുമായ സാബുമാൻ എന്ന ആകാശ് സാബുവാണ് ബി​ഗ്ബോസ് സീസൺ 7ലെ മറ്റൊരു വൈൽഡ് കാർഡ് എൻട്രി. ഹൈ ഓൺ ഫുഡ് എന്ന യുട്യൂബ് ചാനലിന് 27000 സബ്സ്ക്രൈബേഴ്സാണുള്ളത്. വെറൈറ്റി ഫുഡ് ചലഞ്ചുകൾ, റെസിപ്പികളൊക്കെയാണ് കൺന്റുകൾ.

ആർക്കിടെക്റ്റും മാർക്കറ്റിം​ഗ് വിദ​ഗ്ധയുമായിട്ടുള്ള വേ​ദ് ലക്ഷിയാണ് ബി​ഗ്ബോസ് വീട്ടിലെ പുതിയ മത്സരാർഥിയായി വന്നിരിക്കുന്നത്. മലയാള സിനിമയിലേക്ക് വന്ന ഒരു പുതുമുഖം കൂടിയാണ് വേദ് ലക്ഷമി. മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിലാണ് അഭിനയിച്ചിരിക്കുന്നത്.

ബി​ഗ്ബോസിലേക്ക് കടന്നു വന്ന മറ്റൊരു വൈൽ കാർഡ് എൻട്രിയാണ് ജനപ്രിയ സീരീയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ താരം നടത്തിയിട്ടുള്ള പല തുറന്നുപറച്ചിലുകളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചും തുറന്നു പറച്ചിലുകൾ നടത്തിയിട്ടിണ്ട്. ബി​ഗ്ബോസിൽ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ പോകുന്ന മറ്റൊരു വ്യക്തി കൂടിയാണ് ജിഷിൻ.

ബി​ഗ് ​ബോസ് ആരാധകർ ഉറ്റുനോക്കുന്ന ഒരാഴ്ച്ചയാണ് ഇനി വരാൻ പോകുന്നത്. കാരണം പുതിയ വൈൽഡ് കാർഡ് എൻട്രിയോടുകൂടെ ബി​ഗ് ബോസിന്റെ മുഖച്ഛായ തന്നെ മാറുമന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഷോയുടെ തുടക്കത്തിൽ തന്നെ പറ‍ഞ്ഞ മത്സരാർഥികൾക്കുള്ള 7ന്റെ പണി ഇതായിരിക്കുമെന്നും ആരാധകർ നോക്കികാണുന്ന ഒന്നാണ്.

Related Posts