‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളില്‍ തരംഗമാകുകയാണ്. ന്യൂജനറേഷന്‍ മാത്രമല്ല പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും തിയറ്ററുകളിലേക്ക് ഓടിയെത്തുകയാണ്. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ സീരിസാണ് മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അനൗണ്‍സ്‌മെന്റ് തൊട്ടുതന്നെ ‘സര്‍പ്രൈസ്’ നിലനിര്‍ത്തിയിരുന്നു ‘ലോകഃ’. ഒരു വലിയ യൂണിവേഴ്‌സ്, അതിനു നാല് ചാപ്റ്ററുകള്‍, ഫാന്റസി ഴോണറില്‍ സൂപ്പര്‍ഹീറോ സിനിമകള്‍…! മലയാളത്തിനു അത്ര സുപരിചിതമല്ലാത്ത ഒരു പ്രൊജക്ട്. നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആയതിനാല്‍ ‘ഞെട്ടാന്‍ ഇനിയും ബാക്കി’ എന്നായിരുന്നു ഓരോ പ്രേക്ഷകരും മനസില്‍ ഉറപ്പിച്ചത്. ഒടുവില്‍ അതേപടി തന്നെ സമ്മതിച്ചു.
പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ദുല്‍ഖറിന്റെ വേഫറര്‍ ‘ലോകഃ’യുടെ ആദ്യ ചാപ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആകെ ചെലവ് 30 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ കണ്ടുകഴിഞ്ഞാല്‍ 30 കോടിക്ക് ഇത്രയും വലിയൊരു ക്യാന്‍വാസ് സാധ്യമോ എന്ന ചോദ്യം പ്രേക്ഷകരില്‍ ഉണ്ടാകും. 500 കോടിക്ക് ബ്രഹ്‌മാണ്ഡ സിനിമ എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ് ലോകയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റി.
‘ലോക’യെ പാന്‍ ഇന്ത്യന്‍ തലത്തില്‍ മലയാളത്തിന്റെ ബ്രാന്‍ഡ് ആക്കാനുള്ള ദുല്‍ഖറിന്റെ കച്ചവടബുദ്ധിയും ഫലം കണ്ടു. തുടക്കത്തില്‍ വലിയ ഹൈപ്പ് നല്‍കാതെയാണ് ‘ലോക’യുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സുപ്രധാന കാമിയോ റോളുകളെ കുറിച്ച് യാതൊരു സൂചനയും പുറത്തുവിട്ടില്ല. അങ്ങനെ പുറത്തുവിട്ടാല്‍ ആദ്യദിനം ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ ഇരട്ടി കളക്ഷന്‍ കിട്ടുമായിരുന്നു. എന്നിട്ടും മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം സിനിമ കളം പിടിക്കണമെന്ന സ്ട്രാറ്റജി ദുല്‍ഖറിന്റേതായിരുന്നു.
നേരത്തെ പറഞ്ഞതുപോലെ 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യദിനം 2.7 കോടി മാത്രമാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ഇന്ത്യ നെറ്റ് കളക്ഷന്‍ നാല് കോടിയായി ഉയര്‍ന്നു. മൂന്നാം ദിനമായ ഇന്ന് നൂണ്‍ ഷോ വരെയുള്ള കണക്കുകള്‍ മാത്രം നോക്കുമ്പോള്‍ മൂന്ന് കോടിക്ക് അടുത്ത് നേടി കഴിഞ്ഞു ! മൂന്ന് ദിനംകൊണ്ട് വാരിക്കൂട്ടിയത് 10 കോടി ! ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ മാത്രമാണ് ഇതെന്ന് ഓര്‍ക്കണം. ആദ്യദിനത്തെ മികച്ച പ്രതികരണത്തിനു ശേഷം കേരളത്തില്‍ മാത്രം നൂറോളം സ്‌ക്രീനുകള്‍ കൂടുതല്‍ ‘ലോകഃ’യ്ക്കു ലഭിച്ചു. തെലുങ്കില്‍ വെള്ളിയാഴ്ച മാത്രം 35 ലക്ഷമാണ് ലോക നേടിയത്. കേരളത്തിനു പുറത്തും ചിത്രത്തിനു ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. കേരളത്തിനു പുറത്ത് ലോക ഇത്രയും ചര്‍ച്ചയാകാന്‍ പ്രധാന കാരണം ദുല്‍ഖര്‍ തന്നെ.