ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടിന്റെയും റൺബീർ കപൂറിന്റെയും മുംബൈയിലെ നിർമ്മാണത്തിലിരിക്കുന്ന വീട് വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. 250 കോടി രൂപ ചെലവ് വരുന്ന വീടിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പാപ്പരാസികൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് ആലിയ ആറ് നിലയുള്ള പുതിയ വീട് പണിയുന്നത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വീഡിയോ പങ്കുവെച്ച സമൂഹ മാധ്യമങ്ങളിലെ ചാനലുകൾക്കെതിരെയാണ് ആലിയ തുറന്നടിച്ചത്.
“മുംബൈ പോലുള്ള ഒരു നഗരത്തില്‍ സ്ഥലത്തിന് പരിമിതികളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ജനലിലൂടെ നോക്കിയാല്‍ കാണുന്നത് മറ്റൊരാളുടെ വീടാകും. എന്നാൽ അത് ചിത്രീകരിക്കാനോ, പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല, ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയാകാത്ത ഞങ്ങളുടെ വീടിന്റെ വിഡിയോ പല മാധ്യമങ്ങളും റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണ്.” ആലിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല, അത് നിയമലംഘനമാണെന്നും ആലിയ പറയുന്നു. അത് ഒരിക്കലും നോർമലൈസ് ചെയ്യപ്പെടരുത്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിന്റെ ഉള്‍വശം ചിത്രീകരിച്ച വിഡിയോകള്‍ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോയെന്ന് ചിന്തിക്കുക. നമ്മളാരും അത് ചെയ്യാറില്ല, അതുകൊണ്ട് അത്തരം വിഡിയോകൾ ഓണ്‍ലൈനില്‍ കാണുകയാണെങ്കിൽ ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും ആലിയ അഭ്യർത്ഥിച്ചു.
അതേസമയം, വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് ദേശീയ വിനോദ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദീപവലിയോട് അനുബന്ധിച്ച് താരകുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുമെന്നും റിപ്പോർട്ടുകൾ. നിലവിൽ ബാന്ദ്രയിലെ തന്നെ വാസ്തു അപ്പാർട്മെന്റിലാണ് ഇരുവരും താമസിക്കുന്നത്.