ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ടോക്സിക്. യാഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കന്നഡ ചിത്രം കൂടിയാണ്. ഗീതു സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കിയവയുമാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയിട്ട് രണ്ട് വർഷമായി എപ്പോഴും ഷൂട്ട് നീണ്ടുപോകുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ടോക്സിക്കിനെക്കുറിച്ച് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ ഗീതുവിനൊപ്പം യാഷ് സഹ സംവിധായകനാകുന്നു എന്നാണ് അഭ്യൂഹങ്ങൾ.
കെജിഎഫ് വിജയത്തിന് ശേഷം യാഷിനൊപ്പം സിനിമ ചെയ്യാൻ ഇന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസുകളും ഫിലിം മേക്കേർസും ക്യൂ നിൽക്കുകയാണ്. എന്നാൽ താരം ഗീതു മോഹൻദാസിന്റെ കഥയാണ് തിരഞ്ഞെടുത്തത്. ഈ തീരുമാനം ഉൾക്കൊള്ളാൻ യാഷിന്റെ ആരാധകർക്ക് കുറച്ച് സമയമെടുത്തു. തികച്ചും രണ്ട് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്നവരായാണ് യാഷിനെയും ഗീതു മോഹൻദാസിനെയും പ്രേക്ഷകർ കാണുന്നത്. അതിനാൽ തന്നെ യാഷിന്റെ അടുത്ത പ്രൊജക്ടായി ടോക്സിക് പ്രഖ്യാപിച്ചപ്പോൾ മുതൽ ഇന്ന് വരെ, ടോക്സിക് സിനിമാ ലോകവും പ്രേക്ഷകരും വലിയ കൗതുകത്തിലാണ്.
അതേസമയം മുംബെെയിൽ ഷെഡ്യൂൾ ചെയ്തിരുന്നു ഷൂട്ട് പൂർണമായും സംവിധാനം ചെയ്തതും ചിത്രത്തിലെ പല ഡയലോഗുകൾ എഴുതിയതും യാഷ് ആണെന്നും വാദമുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല ചർച്ചകളാണ് നടക്കുന്നത്. ഗീതുവിനെ സംവിധായക സ്ഥാനത്ത് നിന്ന് യാഷ് മാറ്റാൻ ശ്രമിക്കുകയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയർന്നു.
എത്ര വലിയ താരമായാലും സംവിധാനത്തിൽ കെെ കടത്തുന്നത് ശരിയല്ലെന്നും ഒരു ഫിലിം മേക്കറുടെ കൂടി വലിയ സ്വപ്നമാണ് സിനിമ തുടങ്ങിയ വാദങ്ങളും വന്നു. വിഷയം ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഷൂട്ടിംഗിൽ ഒന്നിലേറെ തവണ തടസങ്ങൾ വന്നു, ചിത്രത്തിലെ പല ഭാഗങ്ങളും റീഷൂട്ട് ചെയ്യേണ്ടി വന്നെന്നും കാസ്റ്റിംഗിൽ പോലും മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ടോക്സിക്കിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് യാഷ്. നയൻതാര, കിയര അദ്വാനി, ഹുമ ഖുറേഷി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
















