Entertainment Homepage Featured News

ഏറ്റവും ഒടുവിൽ ദിനേശും; ‘കാന്താര’യിലെ ദുരൂഹ മരണങ്ങളിൽ വിറങ്ങലിച്ച് സിനിമ ലോകം

ഹൈദരാബാദ്: ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. തെന്നിന്ത്യൻ സിനിമ പ്രേമികൾ ആഘോഷമാക്കിയ കന്നഡ ചിത്രമാണ് കാന്തര. ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടിട്ടാണ് മരണ പരമ്പര തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവിലായി ദിനേശ് മംഗളൂരുവിന്റെ മരണംകൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ കാന്തര 2 വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. സിനിമയുടെ ചിത്രീകരണ കാലയളവിൽ മരിക്കുന്ന നാലമത്തെ ആളാണ് ദിനേശ് മംഗളൂരു. 

കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനാണ് 55കാരനായ ദിനേശ് മംഗളൂരു. അഭിനേതാവ് എന്ന നിലയിലും കല സംവിധായകൻ എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദിനേശ് മംഗളൂരു. ‘കെജിഎഫി’ൽ ഷെട്ടി എന്ന മുംബെ ഡോണിന്റെ കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ് ദിനേശ്. കാന്താര 2ന്റെ സെറ്റിൽ വെച്ചുണ്ടായ പക്ഷാഘാതമാണ് ദിനേശിന്റെ മരണ കാരണം. 

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ദിനേശിന് പക്ഷാഘാതം സംഭവിക്കുന്നത്. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന ദിനേശിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയായിരുന്നു. ഇതിനിടയിലാണ് തലച്ചോറിൽ വീണ്ടും ഹെമറാജ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തതെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്. ഇതോടെ കാന്തര 2മായി ബന്ധപ്പെട്ട മരണനിരക്ക് നാലായി. 

സിനിമയുമായുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തുടർ മരണങ്ങൾ സിനിമ ലോകത്ത് വലിയ ചർച്ചകൾക്കും ദുരൂഹതകൾക്കുമാണ് വഴിതെളിച്ചിരിക്കുന്നത്. മരണങ്ങൾ മാത്രമല്ല സെറ്റിലെ അപകടങ്ങളും ദുരൂഹത വാദങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നു. കന്നഡ താരം രാകേഷ് പൂജാരിയുടെ മരണമാണ് സംഭവവികാസങ്ങളുടെ തുടക്കം. വിവാഹഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലമാണ് 33കാരനായ രാകേഷ് മരിക്കുന്നത്. 

വൈക്കം സ്വദേശിയായ എം.എഫ് കപിലിന്റെ മരണവും കാന്തര 2വുമായി ചേർത്ത് വായിക്കപ്പെട്ടു. സൗപർണിക നദിയിൽ മുങ്ങി മരിക്കുകയായിരുന്നു കപിൽ. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ട കപിലിനെ കൂടെയുണ്ടായിരുന്നവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കഴിഞ്ഞ ജൂണിൽ മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവും ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞു. കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍ ആർടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന നിജുവിന് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഈ പട്ടകയിലേക്കാണ് ഇപ്പോൾ ദിനേശിന്റെ പേരും കൂട്ടിച്ചേർക്കപ്പെടുന്നത്. നവംബറിൽ, മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. സാരമല്ലാത്ത പരുക്കുകൾ മാറ്റി നിർത്തിയാൽ കൂടുതൽ അത്യാഹിതങ്ങൾ അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സിനിമയ്ക്കായി ഇട്ട സെറ്റ് ശക്തമായ കാറ്റിലും അപ്രതീക്ഷിത മഴയിലും സാരമായി തന്നെ കോടുപാടുകൾക്ക് കാരണമായി. ജനുവരിയിൽ, കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണ സംഘവും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഗുരുതരമായ തർക്കം ഉടലെടുത്തിരുന്നു. ശരിയായ അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമവാസികൾ സംഘത്തെ നേരിട്ടു.

Related Posts