മലയാളത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ കോംബിനേഷനുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ‘ഹൃദയപൂര്‍വ്വ’ത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണത്തെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം തിയറ്ററുകളിലെത്തുന്നത്.
പത്ത് വര്‍ഷത്തിനു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും
2015 ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ ആണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ അവസാന ചിത്രം. അന്ന് വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ഈ ചിത്രം സാമ്പത്തിക വിജയം നേടിയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മോഹന്‍ലാലിനെ കാണാന്‍ കാത്തിരിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ കേരളത്തിലുണ്ട്. അവര്‍ ഉറപ്പായും തിയറ്ററില്‍ കാണേണ്ട ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’.
ടി.പി ബാലഗോപാലന്‍ എംഎ, ഗാന്ധിഗനര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, പിന്‍ഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങി മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിനു നല്‍കിയിട്ടുണ്ട്. ആ ശ്രേണിയിലേക്കായിരിക്കും ഹൃദയപൂര്‍വ്വത്തിന്റെ വരവ്.
അച്ഛനും മക്കളും
‘ഹൃദയപൂര്‍വ്വ’ത്തിനു പിന്നില്‍ അച്ഛനും മക്കളും ഒന്നിച്ചിരിക്കുന്നു എന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്.
മോഹന്‍ലാല്‍-സംഗീത് പ്രതാപ് കൂട്ടുകെട്ട്
യുവ അഭിനേതാവായ സംഗീത് പ്രതാപും ഹൃദയപൂര്‍വ്വത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേമലു, തുടരും എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരനാണു സംഗീത്. തുടരും സിനിമയില്‍ മോഹന്‍ലാല്‍ സംഗീത് പ്രതാപ് കൂട്ടുകെട്ട് ഏറെ ഹൃദ്യമായിരുന്നു. ഇപ്പോള്‍ ഇതാ ഹൃദയപൂര്‍വ്വത്തില്‍ ഇരുവരും ഒന്നിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരിയായാണ് സംഗീത് പ്രതാപിന്റെ ജെറി തോമസ് എന്ന കഥാപാത്രത്തെ കാണുക. ഈ കോംബോ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
കാമിയോ വേഷങ്ങളും
ഹൃദയപൂര്‍വ്വത്തില്‍ മീര ജാസ്മിനും ബേസില്‍ ജോസഫും കാമിയോ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ തന്നെ മോഹന്‍ലാല്‍-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലെ രംഗങ്ങള്‍ ആയിരിക്കും തിയറ്ററില്‍ കൂടുതല്‍ കൈയടി നേടുക.
അണിയറയില്‍
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹൃദയംകൊണ്ട് ചെയ്ത സിനിമയെന്നാണ് മോഹന്‍ലാല്‍ തന്നെ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. ഛായാഗ്രഹണം അനു മൂത്തേടത്ത്.