Cinema Entertainment Homepage Featured

‘ലോകഃ’ വെറുമൊരു സിനിമയല്ല, മലയാളത്തിനു അഭിമാനമാകും; തിയറ്ററില്‍ തന്നെ കാണണം

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രം ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളിലെത്തുകയാണ്. ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് വേള്‍ഡ് വൈഡായി ‘ലോകഃ’ റിലീസ് ചെയ്യുന്നത്. ഓണത്തിനു മലയാളി പ്രേക്ഷകര്‍ ഏറ്റവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ലോകഃ’.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സീരിസ്

നാല് ഭാഗങ്ങളായുള്ള സൂപ്പര്‍ഹീറോ സീരിസ് ആണ് ലോകഃ. അതായത് ലോകഃ എന്ന സീരിസിലെ ആദ്യ ചാപ്റ്റര്‍ മാത്രമാണ് ചന്ദ്ര. ഇനിയും മൂന്ന് ഭാഗങ്ങള്‍ കൂടി ഈ സീരിസില്‍ വരാനുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം.

മിത്തും ചരിത്രവും

ആദ്യ ഭാഗത്ത് ചന്ദ്ര എന്ന സൂപ്പര്‍ഹീറോ വേഷത്തിലെത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. മിത്തും ചരിത്രവും യോജിപ്പിച്ചാണ് ലോകഃയുടെ കഥ പറച്ചില്‍ എന്നാണ് സൂചന. സമകാലിക സംഭവങ്ങളെ സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എങ്ങനെ ബ്ലെന്‍ഡ് ചെയ്യുമെന്ന് കാണാനാണ് സിനിഫൈല്‍സ് കാത്തിരിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ സ്വഭാവവും ചിത്രത്തിനുണ്ടെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം പരീക്ഷണ ഴോണറുകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഉറപ്പായും തിയറ്ററില്‍ പോയി തന്നെ ലോകഃ കാണണം.

കാസ്റ്റിലെ സസ്‌പെന്‍സും അണിയറയിലെ വമ്പന്‍ പേരുകളും

കല്യാണി പ്രിയദര്‍ശനൊപ്പം നസ്ലന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു. അതിനു പുറമെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍താരം ടൊവിനോ തോമസും കാമിയോ വേഷങ്ങളിലെത്തുന്നതായാണ് വിവരം. അതിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടെങ്കിലോ? ട്രെയ്‌ലര്‍ പുറത്തുവന്നതിനു പിന്നാലെ മമ്മൂട്ടിയുടെ കാമിയോ വേഷവും ലോകഃയില്‍ ഉള്ളതായി കേള്‍ക്കുന്നു. ട്രെയ്‌ലറിന്റെ അവസാനം കാണിക്കുന്ന കൈ മമ്മൂട്ടിയുടേതാണെന്നാണ് സിനിമ പ്രേമികളുടെ കണ്ടെത്തല്‍. മാത്രമല്ല ലോകഃയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഏതാണ്ട് രണ്ട് മണിക്കൂറോളം മമ്മൂട്ടി സെറ്റില്‍ ഉണ്ടായിരുന്നു. ഇതെല്ലാം ചേര്‍ത്തുവെച്ചാണ് ലോകഃയില്‍ മമ്മൂട്ടിയും ഉണ്ടായേക്കാമെന്ന് ആരാധകര്‍ പ്രവചിക്കുന്നത്.

കാസ്റ്റിനൊപ്പം തന്നെ മികവ് പുലര്‍ത്തുന്ന അണിയറ പ്രവര്‍ത്തകരും ലോകഃയ്ക്കുണ്ട്. നിമിഷ് രവിയാണ് ഛായാഗ്രഹണം. റോഷാക്കിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായ ക്യാമറ പേഴ്‌സണ്‍. സംഗീതം ജേക്‌സ് ബിജോയിയുടേത്. വമ്പന്‍ വിജയമായ ‘തുടരും’ സിനിമയില്‍ ജോക്‌സ് ബിജോയിയുടെ സംഗീതം എത്രത്തോളം ഇംപാക്ട് ഉണ്ടാക്കിയെന്ന് പ്രേക്ഷകര്‍ക്ക് പറയാതെ തന്നെ അറിയാം. എഡിറ്റര്‍ ചമന്‍ ചാക്കോ. ജിത്തു സെബാസ്റ്റ്യന്‍ ആണ് ആര്‍ട്ട് ഡയറക്ടര്‍.

വേഫററിന്റെ മിനിമം ഗ്യാരണ്ടി

പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത പ്രൊഡക്ഷന്‍ ഹൗസാണ് ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ്. ലോകഃയുടെ ടീസര്‍, ട്രെയ്‌ലര്‍ അപ്‌ഡേറ്റുകളെല്ലാം ഈ പ്രതീക്ഷ ഇരട്ടിയാക്കുന്നു. ട്രെയ്‌ലറിന്റെ കളര്‍ കോംബിനേഷന്‍ ഇപ്പോള്‍ തന്നെ സിനിമ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാണ്.

Related Posts