Cinema Entertainment

കുമ്മാട്ടിക്കളിയിൽ പിഴച്ചു, അഭിനയത്തിലെ കുറവുകളിൽ ബോധ്യമുണ്ട്: മാധവ് സുരേഷ്

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്, അടുത്തിടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താര പുത്രന്റെ ആദ്യ ചിത്രം ‘കുമ്മാട്ടിക്കളി’യായിരുന്നു. എന്നാൽ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. മാത്രമല്ല ചിത്രത്തിലെ മാധവിന്റെ അഭിനയം സിനിമ പ്രേമികളെ ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. കുമ്മാട്ടിക്കളി തീയറ്ററുകളിൻ വൻ പരാജയം നേരിട്ടിരുന്നു. ചിത്രം ഒ.ടി.ടി.യിൽ എത്തിയതോടെ മാധവ് സുരേഷിന്റെ പ്രകടനത്തെ കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉണ്ടാവുകയും ചെയ്തു.

എന്നാൽ പ്രേക്ഷകർ മാത്രമല്ല, മകനെ ട്രോളി അച്ഛനായ സുരേഷ് ഗോപി വരെ രംഗത്തെത്തി. അച്ഛനൊപ്പമുളള ആദ്യ പ്രോജെക്റ്റും മാധവിന്റെ രണ്ടാമത്തെ ചിത്രവുമായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുന്നതിടെ സുരേഷ് ഗോപി, ഒരു നടനെന്ന നിലയിൽ തന്റെ മകൻ ഇനിയും ഏറെ വളരാനുണ്ടെന്ന് പറഞ്ഞിരുന്നു. ഒപ്പം, മാധവ് അഭിമുഖങ്ങളിലും മറ്റും സംസാരിക്കുമ്പോൾ പൃഥ്വിരാജ് സുകുമാരനെ വല്ലാതെ അനുകരിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശരിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ അടുത്തിടെ, തനിക്ക് നേരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മാധവ് സുരേഷ് രം​ഗത്തെത്തിയിരുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താര പുത്രൻ വളരെ പക്വമായ മറുപടിയുമായി എത്തിയത്. തുടർന്ന് സിനിമ പ്രേമികളുടെ മതിപ്പ് പിടിച്ചു പറ്റുകയും ചെയ്തിരുന്നു. തന്റെ അഭിനയത്തിലെ കുറവുകളും പ്രശ്നങ്ങളും തനിക്ക് നന്നായി ബോധ്യമുണ്ടെന്ന് പറഞ്ഞ മാധവ്, തന്റെ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളി മനസ്സിൽ കണ്ടത് പോലെ, പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും സമ്മതിച്ചു. പ്രേക്ഷകരിൽ നിന്നുള്ള ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിക്കുന്നു എന്നും യുവ നടൻ പറഞ്ഞു. ആ സിനിമകൾ ചെയ്യുന്ന സമയത്ത് ഏറ്റവും നന്നായി പരിശ്രമിച്ചിരുന്നു എന്നും, അന്ന് ഈ കുഴപ്പം തിരിച്ചറിഞ്ഞില്ലെന്നും മാധവ് കൂട്ടിചേർത്തു.

“എന്റെ പെർഫോമൻസിലേക്ക് വന്നാൽ, കുമ്മാട്ടിക്കളി ഉദാഹരണത്തിന് – ഇത് ഞാൻ തന്നെ വിലയിരുത്തിയതാണ് – മോശമായിരുന്നു. ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയിൽ എനിക്ക് സ്ക്രീൻ സ്പേസ് അത്ര ഇല്ലായിരുന്നു. പക്ഷെ എങ്കിലും, അതിലും എന്റെ പെർഫോമൻസ് ഒരുപാട് നന്നാക്കാൻ സാധിക്കുമായിരുന്നു, ഇപ്പോൾ ആലോചിക്കുമ്പോൾ,” മാധവ് നൽകിയ അഭിമുകത്തിൽ നിന്ന്.

Related Posts