Cinema Entertainment

ഭാവനയോട് ഞാൻ ചെയ്തത് വലിയ അപരാധം; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ

ഇന്ന് മലയാളത്തിലും, തമിഴിലും, കന്നടയിലും ഏറെ ആരാധകരുള്ള പ്രശസ്ത നടിമാരിൽ ഒരാളാണ് ഭാവന. 2002ൽ കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജിഷ്ണു രാഘവനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും പ്രധാനകഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ, രേണുക മേനോനും, ഭാവന മേനോനുമായിരുന്നു നായികമാരായത്. പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ അണിനിരത്തി സംവിധാനം ചെയ്ത നമ്മൾ വലിയ ഹിറ്റ് സിനിമയായി മാറി.

എന്നാൽ കഥാപാത്രങ്ങളിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത്, പതിനാറുകാരിയായ ഭാവന അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രമാണ്. നിഷ്കളങ്ക സ്വഭാവമുള്ള പരിമളം എന്ന പെൺകുട്ടിയായുള്ള താരത്തിന്റെ പ്രകടനം അന്ന് പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു, എങ്കിലും ചിത്രത്തിൽ ഭാവനയുടെ ലുക്ക് കണ്ട് അന്ന് തന്നെ പലരും നെറ്റിചുളിച്ചിരുന്നു. ചേരിയിൽ ജീവിക്കുന്ന പെൺകുട്ടിയുടെ വേഷം ചെയ്യുന്നതിന് വെളുത്ത നായികയെ മേക്കപ്പ് ഇട്ടു കറുപ്പിച്ചതിന്റെ പേരിൽ സംവിധായകൻ കമലിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

വർഷങ്ങൾക്കിപ്പുറം, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സിനിമയെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയായിരുന്നു സംവിധായകൻ കമൽ. ഭാവനയോട് താൻ കാണിച്ചത് വലിയ അപരാധമായിരുന്നു എന്ന് സമ്മതിക്കുകയാണ് സംവിധായകൻ. നമ്മൾ എന്ന ചിത്രത്തിലെ പരിമളത്തിന്റെ വേഷം ചെയ്യാൻ ഒരു കറുത്ത പെൺകുട്ടിയെ തിരഞ്ഞെടുക്കാതെ, വെളുത്ത പെൺകുട്ടിയെ കൊണ്ട് വന്ന് അവരെ പെയിന്റ് അടിച്ചു കറുപ്പിച്ചത് ശെരിയായില്ല എന്ന് തനിക്ക് പിന്നീട് തോന്നിയിരുന്നു കമൽ പറഞ്ഞു. അങ്ങനെ ചെയ്തതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ താൻ നേരിട്ടിരുന്നു എന്നും സംവിധായകൻ പറഞ്ഞു.

“ഭാവനയോട് ഞാൻ ചെയ്തത് ഒരു അപരാധമാണ്. ഇന്നും ചിലർ അത് ട്രോൾ ചെയ്യുന്നുമുണ്ട്. ഭാവന ആദ്യമായിട്ട് സിനിമയിൽ വന്ന് കഴിഞ്ഞപ്പോൾ, ‘നമ്മൾ’ എന്ന് പറയുന്ന സിനിമയിൽ പരിമളം എന്ന ചേരിയിൽ താമസിക്കുന്ന തമിഴ് പെൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. വെളുത്ത് തുടുത്ത് നല്ല സുന്ദരിയായിട്ടുള്ള ഭാവനയെ ഞാൻ കൊണ്ട് പോയി കറുപ്പ് മേക്കപ്പ് ഒക്കെ അടിപ്പിച്ച്, അങ്ങനെ ഒരു വേഷം കെട്ടിച്ചിട്ടാണ് അഭിനയിപ്പിച്ചത് എന്നുള്ളതാണ് സത്യം. അതിന്റെ പേരിൽ ഒരുപാട് പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്,” കമൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Related Posts