ഗന്ധര്‍വ്വനാക്കി റൊമാന്റിസൈസ് ചെയ്യപ്പെടേണ്ട എഴുത്തുകാരനോ സംവിധായകനോ അല്ല പത്മരാജന്‍. പ്രണയത്തെയും രതിയെയും കുറിച്ച് മാത്രമല്ല പത്മരാജന്‍ എഴുതിയിട്ടുള്ളത്, മറിച്ച് മനുഷ്യന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞ പത്മരാജന്‍ സിനിമകളുണ്ട്, സമയം തെറ്റിയിറങ്ങിയ അല്ലെങ്കില്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ച സിനിമകള്‍ ! അതില്‍ പ്രഥമസ്ഥാനത്തുണ്ടാകും 1986 ല്‍ പുറത്തിറങ്ങിയ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’
പത്മരാജന്റെ തന്നെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ സിനിമയാക്കിയിരിക്കുന്നത്. തിരക്കഥയും സംവിധാനവും പത്മരാജന്‍ തന്നെ. വിഷുവിനു ഒരു ദിവസം മുന്‍പ് പട്ടണത്തിലെ ഒരു ബാറില്‍ നിന്ന് സക്കറിയ, ഗോപി, ഹിലാല്‍ എന്നീ മൂന്ന് ആണുങ്ങളിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഇവരുടെ സുഹൃത്തായ ജോസഫ് ബാറില്‍വെച്ച് ഒരു ഓഫര്‍ നല്‍കുന്നു, ‘ഗ്രാമത്തിലെ ഒരു വേശ്യാലയത്തിലേക്ക് കൊണ്ടുപോകാം’. സ്ത്രീ വിഷയങ്ങളില്‍ അതീവ തല്‍പ്പരനായ ഗോപിക്ക് ജോസഫിന്റെ ഓഫര്‍ നിരസിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ മൂവര്‍ സംഘത്തിന്റെ നേതാവായ സക്കറിയയ്ക്ക് ധനാഢ്യനായ ജോസഫിന്റെ ഓഫറിനോടും അയാളുടെ പൊങ്ങച്ചത്തോടും താല്‍പര്യമില്ല. ഹിലാലാകട്ടെ കൂട്ടത്തില്‍ ഇളയവനാണ്, ഇതുവരെ കന്യകാത്വം ബ്രേക്ക് ചെയ്തിട്ടില്ല. ഗ്രാമത്തിലെ വേശ്യാലയത്തിലേക്കുള്ള യാത്രയില്‍ തല്‍പ്പരനെങ്കിലും മാതാപിതാക്കളെ പേടിയാണ്. ‘വിര്‍ജിനിറ്റി ബ്രേക്ക്’ ചെയ്യാന്‍ വിഷുപ്പുലരിയും ഗ്രാമത്തിലെ വേശ്യാലയവും തന്നെയാണ് ഏറ്റവും നല്ലതെന്നു പറഞ്ഞ് ഗോപി ഹിലാലിനു ധൈര്യം പകരുന്നു. മറ്റു രണ്ട് സുഹൃത്തുക്കളുടെയും ആഗ്രഹത്തിനു വഴങ്ങി ഒടുവില്‍ സക്കറിയയും ജോസഫിനൊപ്പം ഗ്രാമത്തിലേക്ക് തിരിക്കുന്നു, മാളുവമ്മ നടത്തുന്ന വേശ്യാലയത്തിലേക്ക്…!
സക്കറിയയായി മമ്മൂട്ടിയും വക്കീല്‍ ഗോപിയായി നെടുമുടി വേണുവും ഹിലാലായി അശോകനും അഭിനയിച്ചിരിക്കുന്നു. ജോസഫായി വേഷമിട്ടിരിക്കുന്നത് വി.പി.രാമചന്ദ്രന്‍. യാത്രാമധ്യേ ജോസഫിന്റെ വമ്പ് പറച്ചിലില്‍ പ്രകോപിതനായ സക്കറിയ തട്ടിക്കയറുന്നുണ്ട്. ഇത് പിന്നീട് കൈയാങ്കളിയിലേക്ക് എത്തുന്നു. ജോസഫിനൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് സക്കറിയ തറപ്പിച്ചു പറയുന്നു. പ്രിയ സുഹൃത്തായ സക്കറിയയ്‌ക്കൊപ്പം ഗോപിയും ഹിലാലും ജോസഫിനെ തള്ളിപ്പറയുന്നു. ഒടുവില്‍ തന്റെ കാറുംകൊണ്ട് ജോസഫ് തിരിച്ചുപോകും. പിന്നീട് ജോസഫിനോടുള്ള വാശി തീര്‍ക്കാനും സുഹൃത്തുക്കളുടെ ആഗ്രഹം നിറവേറ്റാനും വേണ്ടി ഗോപിയേയും ഹിലാലിനെയും മാളുവമ്മയുടെ വീട്ടില്‍ എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം സക്കറിയ ഏറ്റെടുക്കുന്നു. അങ്ങനെ അവര്‍ ആ ഗ്രാമത്തിലേക്ക്..!
‘ഗ്രാമം നന്മകളാല്‍ സമ്പന്നം’ എന്ന കവി വിശേഷണങ്ങളെ തച്ചുടയ്ക്കുകയാണ് പത്മരാജന്‍. മാളുവമ്മയുടെ വേശ്യാലയത്തിലെ പുതിയ അന്തേവാസിയായ ഗൗരിക്കുട്ടി ഈ ഗ്രാമത്തിലെ രണ്ട് സമുദായങ്ങള്‍ക്കിടയിലെ സ്പര്‍ദ്ധയ്ക്കു പോലും കാരണമായിരിക്കുന്നു. മാപ്പിള സമുദായത്തിന്റെ നേതാവായ മൂപ്പനും നായന്മാരുടെ നേതാവായ പണിക്കരും കന്യകയായ ഗൗരിക്കുട്ടിക്കൊപ്പം ശയിക്കാന്‍ പോരടിക്കുന്നവരാണ്. ഗൗരിക്കുട്ടിയും മാളുവമ്മയുടെ വേശ്യാലയവും ആഭ്യന്തര പ്രശ്‌നമായി നിലനില്‍ക്കുമ്പോഴാണ് പട്ടണത്തില്‍ നിന്ന് മൂന്ന് ആണുങ്ങള്‍ ഈ ഗ്രാമത്തിലേക്ക് എത്തുന്നത്. പിന്നീടുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമ. മാളുവമ്മയായി സുകുമാരിയും മൂപ്പനായി കുഞ്ഞാണ്ടിയും പണിക്കരായി തിലകനും വേഷമിട്ടിരിക്കുന്നു.
പത്മരാജന്റെ തന്നെ തൂവാനത്തുമ്പികളിലെ നായകനായ ജയകൃഷ്ണന്‍ സുഖഭോഗങ്ങള്‍ തേടി ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പോകുമ്പോള്‍ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മൂന്ന് ആണുങ്ങള്‍ അവരുടെ ആസക്തി തീര്‍ക്കാന്‍ പട്ടണത്തില്‍ നിന്ന് ഗ്രാമത്തിലേക്കാണ് എത്തുന്നത്. രാജ്യത്ത് ഇന്ന് കാണുന്നവിധമുള്ള സാമുദായിക ലഹളകളെ നാല്‍പ്പത് വര്‍ഷം മുന്‍പേ പത്മരാജന്‍ തന്റെ സിനിമയിലൂടെ അഭിസംബോധന ചെയ്തു. അന്ന് കാലത്ത് പുരുഷമേധാവിത്വം സ്ത്രീകളെ ഏതെല്ലാം തരത്തില്‍ അടിമകളായാണ് കണ്ടിരുന്നതിന്റെ നേര്‍ചിത്രം കൂടിയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. അന്നുകാലത്ത് സമുദായ വ്യത്യാസമില്ലാതെ ആണുങ്ങള്‍ കെട്ടിയിരുന്ന അരപ്പട്ടയെ അധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും സൂചകമായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തനിക്ക് പുരുഷന്‍മാരെയെല്ലാം വെറുപ്പാണെന്ന് വേശ്യാലയത്തിലെ അന്തേവാസിയായ ഉണ്ണിമേരിയുടെ ദേവകി എന്ന കഥാപാത്രം പറയുമ്പോള്‍ സമൂഹത്തിലെ പുരുഷമേല്‍കോയ്മ തകര്‍ത്ത എണ്ണിയാലൊടുങ്ങാത്ത പെണ്‍ജീവിതങ്ങളുടെ പ്രതിധ്വനി കേള്‍ക്കാം. സംഭാഷണങ്ങളൊന്നും ഇല്ലാതെ തന്നെ നടി സൂര്യ അവതരിപ്പിച്ച പൊട്ടിപ്പെണ്ണ് കഥാപാത്രം പ്രേക്ഷകരെ അസ്വസ്ഥമാക്കുന്നുണ്ട് ചില നോട്ടങ്ങള്‍കൊണ്ട് പോലും..!
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളെടുത്താല്‍ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയ ഉണ്ടാകും. ആകാശം ഇടിഞ്ഞുവീഴുന്ന സമയത്ത് രണ്ട് കൈകളും ഉയര്‍ത്തി അതിനെ താങ്ങാന്‍ നില്‍ക്കുന്ന അത്രയും ചങ്കൂറ്റമുള്ളവനാണ് സക്കറിയയെന്നാണ് മമ്മൂട്ടി ഈ കഥാപാത്രത്തെ കുറിച്ച് പില്‍ക്കാലത്ത് വിശേഷിപ്പിച്ചിട്ടുള്ളത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സക്കറിയയില്‍ ആ ചങ്കൂറ്റം കാണാം. വക്കീല്‍ ഗോപിയായി നെടുമുടി വേണുവും ഹിലാലായി അശോകനും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മാളുവമ്മയായി തകര്‍ത്തഭിനയിച്ച സുകുമാരി ആ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കി. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മാളുവമ്മയുടെ മകനായ ഭാസിയുടേതാണ്.
സംവിധായകരായ ഷാജി എന്‍ കരുണും വേണുവുമാണ് ക്യാമറ. ഗുണസിംഗിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഗൗരവത്തെ കൂടുതല്‍ ഉറപ്പോടെ പ്രേക്ഷകരില്‍ എത്തിക്കുന്നു. രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. യുട്യൂബില്‍ സിനിമ ലഭ്യമാണ്.