Cinema Entertainment

അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു? ഉറപ്പിച്ച പ്രൊജക്ടുകള്‍ ഇവയൊക്കെ

‘തുടരും’ നേടിയ വമ്പന്‍ ജയത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി കേരള ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ക്കാന്‍ എത്തുകയാണ്. ‘എന്നും എപ്പോഴും’ ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ‘ഹൃദയപൂര്‍വ്വം’. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക.

ഹൃദയപൂര്‍വ്വം സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സോനു ടി.പിയുടേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മീര ജാസ്മിനും ബേസില്‍ ജോസഫും ഹൃദയപൂര്‍വ്വത്തില്‍ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്.

ഹൃദയപൂര്‍വ്വം റിലീസിനു ശേഷം ദിലീപ് ചിത്രം ‘ഭ.ഭ.ബ’യാകും ലാല്‍ പൂര്‍ത്തിയാക്കുക. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് കാമിയോ വേഷമാണ്. ഈ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ താടി ട്രിം ചെയ്തിരിക്കുന്നത്. ഇതിനിടെ മഹേഷ് നാരായണന്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ ലാലിനു പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി തിരിച്ചെത്തിയാല്‍ മാത്രമേ ഈ രംഗങ്ങളുടെ ചിത്രീകരണം നടക്കൂ. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളാണ് ഇവ.

‘ഭ.ഭ.ബ’ പൂര്‍ത്തിയായാല്‍ ലാല്‍ അഭിനയിക്കുക ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ ല്‍ ആയിരിക്കും. ദൃശ്യം സീരിസിന്റെ അവസാന ഭാഗമാണിത്. ഈ വര്‍ഷം തന്നെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ആലോചന. ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന പ്രൊജക്ട് നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റേതാണ്. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റേത് പൊലീസ് കഥാപാത്രമാണ്. ഈ സിനിമയ്ക്കായി മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത വര്‍ഷം മോഹന്‍ലാല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമകളില്‍ ഒന്ന് അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക്-മ്യൂസിക് ചിത്രമാണ്. കൊല്‍ക്കത്തയിലാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. ആവേശം സംവിധായകന്‍ ജിത്തു മാധവന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ പ്രൊജക്ട് തല്‍ക്കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

മലയാളത്തിനു പുറത്ത് മോഹന്‍ലാലിനു ചില പ്രൊജക്ടുകള്‍ ഉണ്ടെന്നാണ് മറ്റൊരു വിവരം. അജിത്തിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ സാധ്യതയുണ്ട്. കഥ കേട്ടെങ്കിലും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടില്ലെന്നാണ് വിവരം. ഈ പ്രൊജക്ടിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. മറ്റൊരു തെലുങ്ക് ചിത്രത്തിലേക്കും മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Posts