ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് മലയാള സിനിമ രംഗത്തോക്ക് ചുവട് വയ്ക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം സിനിമയിലാണ് ഇവാൻ വുകോമനോവിച്ചിന്റെ പുതിയ ചുവട്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് ഒരുക്കിയ ചിത്രമാണ് കരം. ചിത്രത്തിൽ ആന്ദ്രെ നിക്കോള എന്ന പ്രധാന കഥാപാത്രത്തെയാണ് വുകോമനോവിച്ച് അവതരിപ്പിക്കുന്നത്.
വുകോമനോവിച്ചിന്റെ ക്യാരക്ടർ പോസ്റ്റർ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം പ്രവർത്തിക്കുന്ന സമയത്ത് മലയാളി ആരാധകർ “ആശാൻ” എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന ഇവാൻ കോച്ച് കഴിഞ്ഞ വർഷമാണ് പരിശീലക സ്ഥാനം ഒഴിയുന്നത്. മൂന്ന് സീസണുകളിൽ ടീമിന്റെ പരിശീലകനായിരുന്ന ഇവാൻ രണ്ട് തവണ പ്ലേ ഓഫിലടക്കം നിരവധി വിജയങ്ങൾ വിജയങ്ങൾ ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ച പരിശീലകൻ കൂടിയാണ്. ആരാധകരുമായി വലിയ ആത്മബന്ധമുള്ള കോച്ചിന്റെ സിനിമ പ്രവേശനത്തെ മഞ്ഞപ്പടയും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
“ഞങ്ങളുടെ പ്രിയപ്പെട്ടവൻ. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പോസിറ്റീവായ ആളുകളിൽ ഒരാൾ. ആശാൻ, നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു,” വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഓഗസ്റ്റ് 21ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. സ്ഥിരം ശൈലിയിൽ നിന്ന് മാറി ഒരു ആക്ഷൻ ത്രില്ലറാണ് ഇത്തവണ വിനീത് ഒരുക്കുന്നത്. ചിത്രത്തിൽ നോബിൾ ബാബുവാണ് പ്രധാന വേഷത്തിൽ എത്തുന്നത്. തോക്കുമേന്തി നിൽക്കുന്ന നോബിൾ ബാബുവിന്‍റെ പോസ്റ്റർ നോരത്തെ തന്നെ വൈറലായിരുന്നു. ഇപ്പോൾ ട്രെയിലറും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സെപ്റ്റംബർ 25ന് ആണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവായി തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കരം. ‘തിര’യ്ക്ക് ശേഷം ത്രില്ലർ വിഭാഗത്തിലേക്കുള്ള വിനീതിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും കരം.
















